’ഇത്തിരി ട്രോളുവോ അണ്ണാ പ്ലീസ്’: തന്നെ ട്രോളാന്‍ അവസരമൊരുക്കി ‘ട്രോള്‍ മീ ചലഞ്ചു’മായി കണ്ണന്താനം

നല്ല ട്രോളന്മാര്‍ക്ക് തന്നോടൊപ്പം ഒരു സെല്‍ഫി എടുക്കാമെന്നും അത് തന്‍റെ എഫ്ബി പേജില്‍ ഷെയര്‍ ചെയ്യുന്നതാണെന്നുമാണ് ട്രോളന്മാര്‍ക്കുള്ള കണ്ണന്താനത്തിന്‍റെ വാഗ്ദാനം

Update: 2019-04-13 07:05 GMT

അല്‍ഫോണ്‍സ് കണ്ണന്താനം എന്തു ചെയ്താലും എന്തു പറഞ്ഞാലും അന്ന് ട്രോളന്മാര്‍ക്ക് ചാകരയാണ്... ലോക്‍സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയാണിപ്പോള്‍ കണ്ണന്താനം. മണ്ഡലം മാറി വോട്ടു ചോദിച്ചതും, വോട്ട് തേടി കോടതിയില്‍ കയറിയതും, ടൈം മാഗസിന്‍റെ കവറില്‍ സ്വന്തം ഫോട്ടോ ഫോട്ടോഷോപ്പില്‍ കൂട്ടിച്ചേര്‍ത്ത് പ്രചാരണത്തിനുപയോഗിച്ചതും എല്ലാം തെര‍ഞ്ഞെടുപ്പ് കാലത്ത് ട്രോളന്മാര്‍ ആഘോഷിച്ചിരുന്നു.

ഇപ്പോഴിതാ ട്രോളന്മാര്‍ക്ക്, ‘ട്രോള്‍ മീ ചലഞ്ചു’മായി കണ്ണന്താനം തന്നെ നേരിട്ടെത്തിയിരിക്കയാണ്. നേരത്തെ തനിക്കെതിരായ ട്രോളുകളില്‍ അദ്ദേഹം അസ്വസ്ഥനായിരുന്നുവെങ്കില്‍, ഇപ്പോള്‍ ഇത്തിരി ട്രോളുവോ അണ്ണാ പ്ലീസ് എന്ന അപേക്ഷയുമായി ട്രോളന്മാരുടെ മുന്നിലെത്തിയിരിക്കയാണ് അദ്ദേഹം.

Advertising
Advertising

കൊച്ചിക്കു വേണ്ടിയാണ് ഈ ട്രോള്‍ മീ ചലഞ്ച് എന്ന് അദ്ദേഹം എഫ്ബി കുറിപ്പിലൂടെ എടുത്ത് പറയുന്നുണ്ട്. നല്ല ട്രോളന്മാര്‍ക്ക് തന്നോടൊപ്പം ഒരു സെല്‍ഫി എടുക്കാമെന്നും അത് തന്‍റെ എഫ്ബി പേജില്‍ ഷെയര്‍ ചെയ്യുന്നതാണെന്നുമാണ് ട്രോളന്മാര്‍ക്കുള്ള കണ്ണന്താനത്തിന്‍റെ വാഗ്ദാനം. തന്നെയും ഒരു കഥാപാത്രമാക്കുന്നതില്‍ വിരോധമില്ലെന്നും എല്ലാം നമ്മുടെ കൊച്ചിക്കുവേണ്ടിയല്ലേ എന്നും പറഞ്ഞാണ് അദ്ദേഹം തന്‍റെ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

TROLL ME CHALLENGE മലയാളികൾ വളരെ നർമ്മബോധം ഉള്ളവരാണ്. എന്ത് സീരിയസ് കാര്യവും നമ്മൾ തമാശയാക്കി ആസ്വദിക്കാറുണ്ട്. നമ്മുടെ...

Posted by Alphons Kannanthanam on Friday, April 12, 2019

കണ്ണന്താനത്തിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്:

TROLL ME CHALLENGE

മലയാളികൾ വളരെ നർമ്മബോധം ഉള്ളവരാണ്. എന്ത് സീരിയസ് കാര്യവും നമ്മൾ തമാശയാക്കി ആസ്വദിക്കാറുണ്ട്. നമ്മുടെ യുവാക്കളുടെ പല ട്രോളുകളും കാണുമ്പോൾ അത്ഭുതപ്പെടാറുണ്ട്. എന്തുമാത്രം സർഗ്ഗശേഷി ആണ് നമ്മുടെ യുവാക്കൾക്ക് ഉള്ളത്?

ഇതെങ്ങനെ പോസിറ്റീവ് ആയി ഉപയോഗിക്കാം എന്നും പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.

എന്തായാലും എന്നെ ട്രോളുന്ന വീരന്മാർക്ക് ഒരു കൊച്ചു ചലഞ്ച് - കൊച്ചിയുടെ വികസനത്തെക്കുറിച്ചു നല്ല നല്ല ട്രോളുകൾ ഉണ്ടാക്കി ഇവിടെ കമന്റ് ചെയ്യൂ.

നല്ല ട്രോളർമാർക്ക് എന്നോടൊപ്പം ഒരു സെൽഫി എടുക്കാം, ഈ പേജിൽ ഇടാം (തെരഞ്ഞെടുപ്പായതിനാൽ മറ്റു വാഗ്ദാനങ്ങളോ സമ്മാനങ്ങളോ ഇപ്പോൾ സാധ്യമല്ല).

അപ്പൊ ശരി, തുടങ്ങുവല്ലേ?

-എന്നെയും ഒരു കഥാപാത്രമാക്കുന്നതിൽ വിരോധമില്ല.. എല്ലാം നമ്മുടെ കൊച്ചിക്കുവേണ്ടിയല്ലേ...

Tags:    

Similar News