എറണാകുളത്ത് വിജയപ്രതീക്ഷയില്‍ സ്ഥാനാര്‍ഥികള്‍

ഇരുമുന്നണികള്‍ക്കും സ്വാധീനമുള്ള മേഖലകളിലും പോളിങ് വര്‍ധിച്ചതോടെ എന്‍.ഡി.എ സ്ഥാനാര്‍ഥി അല്‍ഫോന്‍സ് കണ്ണന്താനം പിടിക്കുന്ന വോട്ടുകളായിരിക്കും ഒരു പക്ഷേ മണ്ഡലത്തിലെ ജയപരാജയങ്ങളെ നിശ്ചയിക്കുക.

Update: 2019-04-24 02:48 GMT
Advertising

എറണാകുളം ലോക്സഭ മണ്ഡലത്തില്‍ കഴിഞ്ഞ തവണത്തെക്കാള്‍ 3 ശതമാനം വര്‍ധനവാണ് പോളിങില്‍ രേഖപ്പെടുത്തിയത്. ഉയര്‍ന്ന പോളിങ് ശതമാനം അനുകൂലമായി മാറുമെന്നാണ് ഓരോ സ്ഥാനാര്‍ഥിയുടെയും വിലയിരുത്തല്‍. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ 73.58 ശതമാനം പോളിങാണ് എറണാകുളം ലോക്സഭ മണ്ഡലത്തില്‍ രേഖപ്പെടുത്തിയത്. എന്നാല്‍ ഇത്തവണ അത് 3 ശതമാനം കൂടി വര്‍ധിച്ച് 76.75 ആയി.

Full View

മണ്ഡലത്തിലെ 7 നിയമസഭ മണ്ഡലങ്ങളിലും വോട്ടിങ് ശതമാനം ഉയര്‍ന്നു. പറവൂരില്‍ അത് 80 ശതമാനം കടന്നു. 81.68 ആണ് പറവൂരിലെ പോളിങ് ശതമാനം. കളമശ്ശേരിയില്‍ കഴിഞ്ഞതവണ 76.05 ആയിരുന്നത് 79.22 ആയി വര്‍ധിച്ചപ്പോള്‍ വൈപ്പിനില്‍ 74.19 ല്‍ നിന്ന് 75.79 ആയും തൃപ്പൂണിത്തുറയില്‍ 73.91 ല്‍ നിന്ന് 76.06 ആയും വര്‍ധിച്ചു. കഴിഞ്ഞ തവണ ഏറ്റവും കുറഞ്ഞ പോളിങ് രേഖപ്പെടുത്തിയ കൊച്ചി, എറണാകുളം നിയമസഭ മണ്ഡലങ്ങളില്‍ ഇത്തവണ 68.06 ല്‍ നിന്ന് 74.51 ആയും 68.86 ല്‍ നിന്ന് 73.27 ആയും മികച്ച വര്‍ധനവാണ് രേഖപ്പെടുത്തിയത്. തൃക്കാക്കരയില്‍ 72.31 നിന്ന് 75.76 ആയാണ് വര്‍ധന. പോളിങ് ഉയര്‍ന്നതോടെ ഭൂരിപക്ഷം വര്‍ധിക്കുമെന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫ്.

അതേസമയം തീരദേശമേഖലയിലെ വോട്ടിങില്‍ മികച്ച വര്‍ധനവ് രേഖപ്പെടുത്തിയതിലൂടെ അട്ടിമറി വിജയത്തിനുള്ള സാധ്യതയുണ്ടാകുമെന്നാണ് എല്‍.ഡി.എഫ് വിലയിരുത്തല്‍. ഇരുമുന്നണികള്‍ക്കും സ്വാധീനമുള്ള മേഖലകളിലും പോളിങ് വര്‍ധിച്ചതോടെ എന്‍.ഡി.എ സ്ഥാനാര്‍ഥി അല്‍ഫോന്‍സ് കണ്ണന്താനം പിടിക്കുന്ന വോട്ടുകളായിരിക്കും ഒരു പക്ഷേ മണ്ഡലത്തിലെ ജയപരാജയങ്ങളെ നിശ്ചയിക്കുക.

Tags:    

Similar News