എറണാകുളത്ത് അട്ടിമറി വിജയം പ്രതീക്ഷിച്ച് ഇടതുപക്ഷം

എറണാകുളം മണ്ഡലത്തില്‍ തീരദേശമേഖലകളിലടക്കം ഉണ്ടായ പോളിങ് ശതമാനത്തിലെ വര്‍ധനവ് ഇടതുപക്ഷത്തിന് അനുകൂലമാകും

Update: 2019-04-25 02:51 GMT
Advertising

എറണാകുളം, ചാലക്കുടി മണ്ഡലങ്ങളില്‍ ഇടതുപക്ഷത്തിന് മികച്ച വിജയം നേടാന്‍ കഴിയുമെന്ന് സി.പി.എം വിലയിരുത്തല്‍. എറണാകുളം മണ്ഡലത്തില്‍ തീരദേശ മേഖലകളിലടക്കം ഉണ്ടായ പോളിങ് ശതമാനത്തിലെ വര്‍ധനവ് ഇടതുപക്ഷത്തിന് അനുകൂലമാകും. എറണാകുളത്ത് മികച്ച സ്ഥാനാര്‍ഥിയെ രംഗത്തിറക്കിയതാണ് മണ്ഡലത്തില്‍ ഏറ്റവും ഗുണകരമായതെന്നും ചാലക്കുടിയില്‍ ഭൂരിപക്ഷം വര്‍ധിപ്പിക്കുമെന്നും സി.പി.എം ജില്ലാസെക്രട്ടറി സി.എന്‍ മോഹനന്‍ പറഞ്ഞു.

Full View

എറണാകുളത്ത് 80 ശതമാനം പോളിങായിരുന്നു പാര്‍ട്ടിയുടെ കണക്ക് കൂട്ടല്‍. പാര്‍ട്ടിക്ക് സ്വാധീനമുള്ള മേഖലകളില്‍ മികച്ച പോളിങ് രേഖപ്പെടുത്തിയാല്‍ സുരക്ഷിതമായ മാര്‍ജിനില്‍ വിജയിക്കാന്‍ കഴിയുമെന്നായിരുന്നു കണക്ക് കൂട്ടല്‍. വോട്ടര്‍മാര്‍ ബുത്തുകളിലെത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ പ്രത്യേകസംഘത്തെ നിയോഗിച്ചിരുന്നു.

ഇത് വിജയം കണ്ടു. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളില്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയെ പരിചയപ്പെടുത്താന്‍ സമയം കണ്ടെത്തേണ്ട സ്ഥിതിയായിരുന്നു. ഇത്തവണ എല്ലാവര്‍ക്കും സുപരിചിതനായ പി. രാജീവ് സ്ഥാനാര്‍ഥിയായെത്തിയത് കൂടുതല്‍ ഗുണം ചെയ്തു. ദേശീയ സാഹചര്യം മനസ്സിലാക്കി മതന്യൂനപക്ഷങ്ങളും ഭൂരിപക്ഷ സമുദായത്തില്‍പ്പെട്ടവരില്‍ വലിയൊരു വിഭാഗവും ഇടതുപക്ഷത്തിനൊപ്പം നിന്നുവെന്നും പാര്‍ട്ടിയുടെ വിലയിരുത്തുന്നു. ശബരിമല വിഷയത്തില്‍ ഇടതുപക്ഷത്തിന് നഷ്ടമുണ്ടാകില്ല.

മണ്ഡലത്തിലെ ജാതിമത സമവാക്യം യു.ഡി.എഫിനെ പിന്തുണച്ചേക്കുമെന്ന പ്രചരണങ്ങള്‍ക്ക് കഴമ്പില്ലെന്ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ വ്യക്തമാക്കും. ചാലക്കുടിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ വോട്ടായി മാറുമെന്നും ഭൂരിപക്ഷം വര്‍ധിക്കുമെന്നും ജില്ലാ നേതൃത്വം വിലയിരുത്തി.

Tags:    

Similar News