ന്യൂഡൽഹി: നോർവേ സന്ദർശനത്തിനിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ചോദ്യങ്ങൾ ചോദിക്കാൻ ശ്രമിച്ച് ശ്രദ്ധ നേടിയതിന് പിന്നാലെ വിശദീകരണവുമായി നോർവീജിയൻ മാധ്യമപ്രവർത്തക ഹെല്ലെ ല്യങ്. ലോകത്തിൽ വെച്ചേറ്റവും മാധ്യമസ്വാതന്ത്ര്യമുള്ള നോർവേയുടെ ജനാധിപത്യബോധ്യത്തിൽ നിന്നാണ് താൻ ചോദ്യം ചോദിച്ചതെന്നും തന്‍റെ ചോദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രി തള്ളിക്കളയുമെന്ന് കരുതിയില്ലെന്നും ല്യങ് പ്രതികരിച്ചു. നോർവേ പ്രധാനമന്ത്രിയുമായി മോദി നടത്തിയ വാർത്താ സമ്മേളനത്തിൽ ഒടുവിലായിരുന്നു സംഭവം. മാധ്യമങ്ങളെ കാണാതെ മടങ്ങാൻ തുടങ്ങിയ നരേന്ദ്രമോദിയോട്' ലോകത്തിലെ ഏറ്റവും വലിയ മാധ്യമസ്വാതന്ത്ര്യമുള്ള രാജ്യത്തെ മാധ്യമങ്ങളിൽ നിന്ന് എന്തുകൊണ്ട് നിങ്ങൾ ചോദ്യങ്ങൾ നേരിടുന്നില്ലെന്നായിരുന്നു ഹെല്ലെ ല്യങ്ങിന്‍റെ ചോദ്യം. ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ ഹെല്ലെയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മെറ്റ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, മോദിയോട് ചോദ്യം ചോദിക്കാനൊരുങ്ങിയ സാഹചര്യത്തെ കുറിച്ചും ചോദ്യങ്ങളെ കുറിച്ചും വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് നോർവീജിയൻ മാധ്യമപ്രവർത്തക.
'ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി എന്‍റെ ചോദ്യങ്ങളെ ഗൗരവത്തിലെടുത്തില്ല. ഈ സമീപനം തീരെ പ്രതീക്ഷിച്ചിരുന്നില്ല. ലോകത്തിൽ വെച്ചേറ്റവും മാധ്യമസ്വാതന്ത്ര്യമുള്ള രാജ്യമായി നോർവേ നിലകൊള്ളുമ്പോൾ, ഫലസ്തീനും ക്യൂബയ്ക്കുമൊപ്പം 157-ാമതാണ് ഇന്ത്യയുടെ സ്ഥാനം. തങ്ങളുമായി സഹകരിക്കുന്ന ശക്തികളോട് ചോദ്യങ്ങൾ ഉന്നയിക്കുകയെന്നത് തന്നെയാണ് ഞങ്ങളുടെ ഉത്തരവാദിത്തം'. ഹെല്ലെ ല്യങ് എക്സിൽ കുറിച്ചു.
മുതിർന്ന നേതാക്കളോട് ചോദ്യം ചോദിക്കാൻ ഡെമോക്രാറ്റിക് സൊസൈറ്റികൾ മാധ്യമപ്രവർത്തകരെ അനുവദിക്കണമെന്നും ല്യങ് വ്യക്തമാക്കി. വിദേശനേതാക്കളോട് ചോദ്യംചോദിക്കുന്നതിൽ നിന്ന് മാധ്യമപ്രവർത്തകരുടെ മേൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിലൂടെ നോർവേയിൽ ഏകാധിപത്യത്തിന് വഴിയൊരുക്കുയാണെന്നും അവർ പറഞ്ഞു.
മോദിയോട് ചോദ്യം ചോദിക്കാൻ ശ്രമിക്കുന്ന വിഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ, ല്യങ്ങിന്‍റെ സോഷ്യൽ മീഡിയ അക്കൌണ്ടുകൾ മെറ്റ സസ്പെൻഡ് ചെയ്തിരുന്നു. കടുത്ത സൈബർ ആക്രമണങ്ങൾക്ക് പിന്നാലെ തന്‍റെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ മെറ്റ സസ്പെൻഡ് ചെയ്തതായി ഹെല്ലെ ല്യങ് തന്നെയാണ് വ്യക്തമാക്കിയത്. ഔദ്യോഗിക എക്സ് ഹാൻഡിലിലൂടെയാണ് ല്യങ് ഇക്കാര്യം പങ്കുവെച്ചിരുന്നത്.
'ചില സമയങ്ങളിലെങ്കിലും ഏറെ പ്രതിസന്ധി ഘട്ടങ്ങളിലൂടെയാണ് ജേണലിസം വർക്കാകുന്നത്. ഞങ്ങളെപ്പോഴും ഉത്തരങ്ങൾക്ക് വേണ്ടിയാണ് ചോദിക്കുന്നത്. വലിയ അധികാരശക്തികളോടുള്ള ചോദ്യങ്ങളിൽ നിന്ന് മതിയായ ഉത്തരം ലഭിച്ചില്ലെങ്കിൽ ഞങ്ങൾ വീണ്ടും ഇടപെടും. വ്യക്തമായ മറുപടിക്കായി വീണ്ടും വീണ്ടും ഇടപെട്ടുകൊണ്ടിരിക്കും. അതാണ് ഞങ്ങളുടെ ജോലിയും ഉത്തരവാദിത്തവും'. ല്യങ് എക്സിൽ വ്യക്തമാക്കി.
വിഡിയോക്ക് പിന്നാലെ താനൊരു വിദേശചാരയാണെന്ന നിലക്കുള്ള പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും അവയെല്ലാം ശുദ്ധ അസംബന്ധമാണെന്നും മെറ്റാ പ്ലാറ്റ്ഫോമിനെ ടാഗ് ചെയ്തുകൊണ്ട് തന്‍റെ അക്കൗണ്ടുകൾ തിരികെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.
'ദാഗ്സാവിസെൻ' എന്ന ഓസ്ലോ ആസ്ഥാനമായുള്ള പത്രത്തിലെ റിപ്പോർട്ടറാണ് ഹെല്ലെ ല്യങ്. ലോക മാധ്യമസ്വാതന്ത്ര്യ സൂചികയിൽ നോർവേ ഒന്നാം സ്ഥാനത്തും ഇന്ത്യ 157-ാം സ്ഥാനത്തുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അവർ തന്റെ നിലപാടിനെ ന്യായീകരിച്ചത്. സംഭവം വൻ രാഷ്ട്രീയ ചർച്ചയായതോടെ, നോർവേയിലെ ഇന്ത്യൻ എംബസി ഹെല്ലെ ല്യങ്ങിനെ പ്രത്യേക വാർത്താ സമ്മേളനത്തിലേക്ക് ക്ഷണിച്ചിരുന്നു. അവിടെയും തന്റെ ചോദ്യം ആവര്‍ത്തിക്കുകയാണ് ഹെല്ലെ ഇതിനു പിന്നാലെയാണ് ഹെല്ലെയ്‌ക്കെതിരെ കടുത്ത സൈബർ ആക്രമണങ്ങളാണ് ഉണ്ടായത്.
സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കൂടുതൽ പ്രതികരണങ്ങളൊന്നും നടത്തിയിരുന്നില്ലെങ്കിലും ഇന്ത്യൻ വിദേശകാര്യമന്ത്രാലയം നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലേക്ക് ല്യങിനെ ക്ഷണിച്ചിരുന്നു. സംഭവം വലിയ രാഷ്ട്രീയ വിവാദത്തിനാണ് ഇന്ത്യയിൽ തിരികൊളുത്തിരിക്കുന്നത്. അതൊരു സാധാരണ ചോദ്യം മാത്രമായിരുന്നില്ലേയെന്നും മറച്ചുവെക്കാനൊന്നുമില്ലെങ്കിൽ എന്തിന് ഒളിച്ചോടണമെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. അതേസമയം, മോദിയെ പ്രതിരോധിച്ചുകൊണ്ട് ബിജെപി നേതാവ് അമിത് മാളവ്യ രംഗത്തെത്തി. സംയുക്ത വാർത്താസമ്മേളനത്തിൽ നോർവേ പ്രധാനമന്ത്രിയും സംസാരിച്ചില്ലല്ലോയെന്ന് പറഞ്ഞായിരുന്നു മാളവ്യയുടെ പ്രതികരണം.