ബ്രിട്ടീഷ് പാര്‍ലമെന്‍റിലും ചർച്ചയായി കർഷകസമരം; പ്രതിഷേധിച്ച് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍
ചര്‍ച്ചയ്ക്കെതിരേ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ശക്തമായാണ് പ്രതികരിച്ചത്
ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക സമരം ചര്‍ച്ചയാക്കി ബ്രിട്ടീഷ് പാര്‍ലമെന്‍റ്. സംഭവത്തില്‍ പ്രതിഷേധവുമായി ഇന്ത്യന്‍ ഹൈക്കമ്മീഷന്‍. ഇന്ത്യന്‍ വംശജന്‍ കൂടിയായ മൈദന്‍ഹെഡ് ലിബറല്‍ ഡെമോക്രാറ്റിക് നേതാവ് ഗുര്‍ജ് സിങ് അപേക്ഷയുടെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച ബ്രിട്ടീഷ് പാര്‍ലമെന്‍റ് 90 മിനിറ്റ് ചര്‍ച്ച നടത്തിയത്. കര്‍ഷകരുടെ സുരക്ഷ, മാധ്യമ സ്വാതന്ത്യം എന്നീ വിഷയങ്ങളിലായിരുന്നു പ്രധാന ചര്‍ച്ച.
ലിബറല്‍ പാര്‍ട്ടി, ലിബറല്‍ ഡെമോക്രാറ്റ്സ്, സ്കോട്ടിഷ് പാര്‍ട്ടി എന്നിവയുടെ എംപിമാരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ലക്ഷത്തിലധികം യു.കെ നിവാസികളാണ് അപേക്ഷയില്‍ ഒപ്പുവച്ചത്.
അതേസമയം ചര്‍ച്ചയ്ക്കെതിരേ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ശക്തമായാണ് പ്രതികരിച്ചത്. സംന്തുലിതമായ സംവാദത്തിനു പകരം വസ്തുതകളോ തെളിവുകളോ ഇല്ലാതെ തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിച്ചതിനെതിരേ ശക്തമായി അപലപിക്കുന്നു.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിനെതിരേയും അതിന്‍റെ സ്ഥാപനങ്ങള്‍ക്കെതിരേയുമാണ് തെറ്റായ ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നതെന്ന് ഇന്ത്യ ഹൈക്കമ്മീഷന്‍ വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി. ബ്രിട്ടീഷ് മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള വിദേശ മാധ്യമങ്ങള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിരവധി ചര്‍ച്ചകള്‍ക്ക് അവര്‍ സാക്ഷ്യം വഹിച്ചിരുന്നു. അതുകൊണ്ടു തന്നെ ഇന്ത്യയില്‍ മാധ്യമ സ്വാതന്ത്യത്തിന് യാതൊരു ഭീഷണിയും നിലവിലില്ല.
കഴിഞ്ഞ നവംബറില്‍ ആരംഭിച്ച കര്‍ഷകസമരം ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ ഇന്നും തുടരുകയാണ്. പോപ് താരം റിഹാന, പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗ്, യു.എസ് പാര്‍ലമെന്‍റ് അംഗങ്ങള്‍ എന്നിവര്‍ പ്രതികരിച്ചതോടെ സമരത്തിന് ആഗോള ശ്രദ്ധ ലഭിച്ചിരുന്നു.