അര്‍ജന്റീനക്ക് ഇന്ന് ജയിക്കണം, എതിരാളി ക്രൊയേഷ്യ

അടിമുടി മാറ്റങ്ങളുമായിട്ടായിരിക്കും അര്‍ജന്റീന ക്രൊയേഷ്യക്കെതിരെ ഇറങ്ങുക 

Update: 2018-06-21 03:32 GMT
Advertising

ലോകകപ്പ് ഫുട്ബോളില്‍ ആദ്യ ജയം ലക്ഷ്യമിട്ട് അര്‍ജന്റീന ഇന്നിറങ്ങുന്നു. കരുത്തരായ ക്രൊയേഷ്യയാണ് എതിരാളികള്‍. രാത്രി 11.30ന് നിഷ്നി നൊവ്ഗൊരോഡ് സ്റ്റേഡിയത്തിലാണ് മത്സരം. ആരാധകര്‍ കാത്തിരിക്കുന്ന ആദ്യ മത്സരത്തില്‍ ലോകകപ്പിലെ കന്നിക്കാരായ ഐസ്‍ലാന്‍ഡിനോട് അപ്രതീക്ഷിത സമനില വഴങ്ങിയതിന്റെ ആഘാതത്തിലാണ് അര്‍ജന്റീന. രണ്ടാം മത്സരത്തില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും അവര്‍ക്ക് പ്രതീക്ഷിക്കാന്‍ കഴിയില്ല.

അതുകൊണ്ട് അടിമുടി മാറ്റങ്ങളുമായിട്ടായിരിക്കും അര്‍ജന്റീന ക്രൊയേഷ്യക്കെതിരെ ഇറങ്ങുക. ആദ്യ മത്സരത്തില്‍ പെനല്‍റ്റി പാഴാക്കിയ സൂപ്പര്‍ താരം മെസിയെ കേന്ദ്രീകരിച്ചു തന്നെയായിരിക്കും അവരുടെ മുന്നേറ്റങ്ങള്‍. മെര്‍ക്കാ‍ഡോ, പാവോണ്‍, മാര്‍ക്കോസ് അക്യുന എന്നിവര്‍ ആദ്യ ഇലവനിലെത്തും. മൂന്ന് പ്രതിരോധതാരങ്ങളുമായി 3-4-3 എന്ന ഫോര്‍മേഷനിലാകും അര്‍ജന്റീന ഇറങ്ങുക എന്നാണ് സൂചന. മറുവശത്ത് നൈജീരിയക്കെതിര 2-0ത്തിന്റെ തകര്‍പ്പന്‍ ജയം നേടിയതിന്റെ കരുത്തിലാണ് ക്രൊയേഷ്യയുടെ വരവ്.

നായകന്‍ ലുക്കാ മോഡ്രിച്ച് മികച്ച ഫോമിലുമാണ്. അതേസമയം സ്ട്രൈക്കര്‍ നിക്കോളാസ് കാലിനിച്ചില്ലാതെയാകും ക്രൊയേഷ്യ അര്‍ജന്റീനക്കെതിരെ ഇറങ്ങുക. കഴിഞ്ഞ മത്സരത്തില്‍ പകരക്കാരനായി ഇറങ്ങാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കാലിനിച്ചിനെ ക്രൊയേഷ്യ നാട്ടിലേക്ക് തിരിച്ചയച്ചിരുന്നു. ജയിക്കാനുറച്ച് അര്‍ജന്റീനയും വിജയം തുടരാന്‍ ക്രൊയേഷ്യയും ഇറങ്ങിയാല്‍ മത്സരം കനക്കുമെന്ന് തീര്‍ച്ച.

Tags:    

Similar News