നഴ്സ് റിക്രൂട്ട്മെന്‍റ്: കുവൈത്ത് ആരോഗ്യ മന്ത്രാലയ പ്രതിനിധി സംഘം കേരളത്തിലെത്തും

Update: 2017-10-30 12:48 GMT
Editor : admin
നഴ്സ് റിക്രൂട്ട്മെന്‍റ്: കുവൈത്ത് ആരോഗ്യ മന്ത്രാലയ പ്രതിനിധി സംഘം കേരളത്തിലെത്തും

ഇന്ത്യന്‍ നഴ്സുമാരുടെ റിക്രൂട്ട്മെന്റ് സംബന്ധിച്ച തുടര്‍ ചര്‍ച്ചകള്‍ക്കായി കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ പ്രതിനിധി സംഘം അടുത്ത ആഴ്ച കേരളം സന്ദര്‍ശിക്കും.

Full View

നിയമ വിഭാഗം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ മുഹമ്മദ്‌ അബ്ദുല്‍ ഹാദി, മെഡിക്കല്‍ സര്‍വീസസ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ ജമാല്‍ അല്‍ ഹര്‍ബി എന്നിവരാണ് ബുധനാഴ്ച തിരുവനന്തപുരത്തെത്തുക.

റിക്രൂട്മെന്റ്റ് ഏറ്റെടുത്ത സര്‍ക്കാര്‍ ഏജന്‍സികളുടെ കാര്യക്ഷമത വിലയിരുത്തുന്നതിനായി കുവൈത്ത് ആരോഗ്യ മന്ത്രാലയം പ്രതിനിധികള്‍ കഴിഞ്ഞ ഡിസംബറില്‍ കേരളം സന്ദര്‍ശിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ അവസാന നിമിഷം സന്ദര്‍ശനം മാറ്റി വെക്കുകയായിരുന്നു. തുടര്‍ന്ന് സംസ്ഥാന പ്രവാസികാര്യ മന്ത്രി കെ സി ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം ജനുവരിയില്‍ കുവൈത്തിലെത്തി ആരോഗ്യ മന്ത്രാലയം അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് എംഒഎച്ച് നിയമ വിഭാഗം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ. മുഹമ്മദ്‌ അബ്ദുല്‍ ഹാദി, മെഡിക്കല്‍ സര്‍വീസസ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ . ജമാല്‍ അല ഹര്‍ബി എന്നിവര്‍ അടുത്ത ബുധനാഴ്ച കേരളത്തിലെത്തുന്നത്.

Advertising
Advertising

മാര്‍ച്ച് 15ന് കുവൈത്തില്‍ നിന്ന് പുറപ്പെടുന്ന സംഘം 16, 17 തിയ്യതികളില്‍ തിരുവനന്തപുരത്ത് വെച്ച് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തും. ഏജന്‍സികളുടെ സൌകര്യങ്ങള്‍ വിലയിരുത്തിയ ശേഷം 18ന് സംഘം കുവൈത്തില്‍ മടങ്ങിയെത്തുമെന്നും ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

ക്രമക്കേടുകള്‍ വ്യാപകമായതിനെ തുടര്‍ന്നാണ്‌ ഇടനിലക്കാരെ ഒഴിവാക്കുകയും പകരം റിക്രൂട്ട്മെന്റ് നടപടികള്‍ക്ക് സര്‍ക്കാര്‍ ഏജന്‍സികളെ ചുമതലപ്പെടുത്തുകയും ചെയ്തു കൊണ്ട് കേന്ദ്രഗവണ്‍മെന്‍റ് ഉത്തരവിറക്കിയത്. കേരളത്തിലെ നോര്‍ക്ക ഒടെപെക്, തമിഴ്നാട് ഓവര്‍സീസ്‌ മാന്‍ പവര്‍ കോര്‍പറഷന്‍ എന്നീ മൂന്ന് ഏജന്‍സികള്‍ക്ക് മാത്രമാണ് നിലവില്‍ ഇന്ത്യയില്‍ നഴ്സിംഗ് റിക്രൂട്മെന്റിന് അനുവാദമുള്ളൂ. കേന്ദ്ര തീരുമാനത്തെ കുവൈത്ത് അംഗീകരിച്ചിട്ടുണ്ടെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാത്തത് കാരണം കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെക്കുള്ള നഴ്സിംഗ് നിയമനം നിലച്ച അവസ്ഥയിലാണ്. അതുകൊണ്ട് തന്നെ കുവൈത്ത് എംഒഎച്ച് പ്രതിനിധികളുടെ സന്ദര്‍ശനത്തെ പ്രതീക്ഷയോടെയാണ് നഴ്സിംഗ് ഉദ്യോഗാര്‍ഥികള്‍ ഉറ്റുനോക്കുന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News