ഒമാനില്‍ വാഹനാപകടങ്ങള്‍ കുറഞ്ഞു
ഒമാനില്‍ ട്രാഫിക് നിയമങ്ങള്‍ കര്‍ശനമാക്കിയതോടെ കഴിഞ്ഞ മാസമുണ്ടായ വാഹനാപകടങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടായതായി റിപ്പോര്‍ട്ട്.
ഒമാനില്‍ ട്രാഫിക് നിയമങ്ങള്‍ കര്‍ശനമാക്കിയതോടെ കഴിഞ്ഞ മാസമുണ്ടായ വാഹനാപകടങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടായതായി റിപ്പോര്‍ട്ട്. ദേശീയ സ്ഥിതി വിവരമന്ത്രാലയമാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്.
ട്രാഫിക് പൊലീസിന്റെ കര്‍ശന നടപടികള്‍ ഫലം കാണുന്നതിന്റെ സൂചനയായിട്ടാണ് മാര്‍ച്ചില്‍ വാഹനാപകടങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുള്ളതെന്ന് മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിനെ അപേക്ഷിച്ച് നോക്കുമ്പോള്‍ അപകടങ്ങളുടെ എണ്ണത്തില്‍ 30.8 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. മരിച്ചവരുടെ എണ്ണത്തില്‍ 1.2 ശതമാനം കുറഞ്ഞപ്പോള്‍ പരിക്കേറ്റവരുടെ എണ്ണത്തില്‍ 21.8 ശതമാനത്തിന്റെ കുറവുണ്ടായി. അതേസമയം ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് നോക്കിയാല്‍ കഴിഞ്ഞ മാസം മരിച്ചവരുടെയും പരിക്കേറ്റവരുടെയും എണ്ണത്തില്‍ ചെറിയ വര്‍ധനവുണ്ട്. ഫെബ്രുവരിയില്‍ 45 പേര്‍ മരണപ്പെട്ടപ്പോള്‍ കഴിഞ്ഞ മാസം മരിച്ചവരുടെ എണ്ണം 57 ആയി. പരിക്കേറ്റവരുടെ എണ്ണമാവട്ടെ 207 യില്‍ നിന്നും 236 ആയി വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിനെ അപേക്ഷിച്ച് അപകടങ്ങളില്‍ മരിച്ച പ്രവാസികളുടെ എണ്ണത്തില്‍ 11.1 ശതമാനം കുറവും പരിക്കേറ്റ പ്രവാസികളുടെ എണ്ണത്തില്‍ 29.7 ശതമാനം കുറവും വന്നതായി മന്ത്രാലയം അറിയിച്ചു.