ഒമാനില്‍ വാഹനാപകടം: നാല് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ എട്ട് പേര്‍ മരിച്ചു
ഒമാനിലുണ്ടായ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളില്‍ നാല് ഇന്ത്യക്കാരും നാല് യുഎഇ സ്വദേശികളും മരിച്ചു
ഒമാനിലുണ്ടായ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളില്‍ നാല് ഇന്ത്യക്കാരും നാല് യുഎഇ സ്വദേശികളും മരിച്ചു. മസ്കത്തിലെ അല്‍ ഖുവൈറില്‍ ശനിയാഴ്ച പുലര്‍ച്ചെയും ആദം മേഖലയില്‍ വെള്ളിയാഴ്ച അര്‍ധരാത്രിയോടെയുമാണ് അപകടങ്ങളുണ്ടായത്.
പൂനെ നാസിക് സ്വദേശികളായ ബൈറൂസ് ഇറാനിയും ഭാര്യയും ഇളയ മകനും ഭാര്യാ മാതാവുമാണ് അല്‍ ഖുവൈറിലുണ്ടായ അപകടത്തില്‍ മരിച്ചത്. അല്‍ ഖുവൈര്‍ മസ്കത്ത് ബേക്കറിക്ക് സമീപം ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്. വാരാന്ത്യം ആഘോഷിക്കാന്‍ റുസ്താഖില്‍ പോയി തിരിച്ചുവരുന്ന വഴി നിയന്ത്രണം വിട്ട വാഹനം പാലത്തിന്‍റെ തൂണിലിടിക്കുകയായിരുന്നു. വാദി കബീര്‍ ഇന്ത്യന്‍ സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയായ ഇളയ മകന്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഗുരുതര പരിക്കേറ്റ് ഖൗല ആശുപത്രിയില്‍ പ്രവേശിപ്പിച്ച വാദി കബീര്‍ സ്കൂളില്‍ തന്നെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ മൂത്തമകന്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
ആദം പ്രവിശ്യയിലെ ഔഫിയാഹ് മേഖലയില്‍ വെള്ളിയാഴ്ച അര്‍ധരാത്രിയോടെയുണ്ടായ അപകടത്തിലാണ് നാല് യു.എ.ഇ സ്വദേശികള്‍ മരണപ്പെട്ടത്. സലാലയില്‍ നിന്ന് വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ഫോര്‍വീല്‍ വാഹനം ട്രക്കുമായി കൂട്ടിയിടിക്കുയായിരുന്നു. നാല് പേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. ശക്തമായ പൊടിക്കാറ്റിനെ തുടര്‍ന്ന് കാഴ്ചാ പരിധി കുറഞ്ഞതാണ് അപകട കാരണമെന്ന് കരുതുന്നു. രണ്ട് വരി പാതയായ ആദം - സലാല റോഡില്‍ അപകടങ്ങള്‍ പതിവായിരിക്കുകയാണ്.