ദുബൈ മെട്രോയുടെ ചുവപ്പ് പാത നീട്ടുന്ന റൂട്ട് 2020 പദ്ധതിക്ക് ആര്‍.ടി.എ കരാര്‍ നല്‍കി

Update: 2018-03-15 09:28 GMT
Editor : Subin
ദുബൈ മെട്രോയുടെ ചുവപ്പ് പാത നീട്ടുന്ന റൂട്ട് 2020 പദ്ധതിക്ക് ആര്‍.ടി.എ കരാര്‍ നല്‍കി

എക്സ്പോ 2020 തുടങ്ങുന്നതിന് അഞ്ചുമാസം മുമ്പ് 2020 മേയ് 20ന് പുതിയ പാതയിലൂടെ ട്രെയിന്‍ ഓടിത്തുടങ്ങും. 2019 അവസാനത്തോടെ ട്രയല്‍ റണ്‍ നടത്തും

ജബല്‍ അലിയിലെ എക്സ്പോ 2020 വേദിയിലേക്ക് ദുബൈ മെട്രോയുടെ ചുവപ്പ് പാത നീട്ടുന്ന റൂട്ട് 2020 പദ്ധതിക്ക് ആര്‍.ടി.എ കരാര്‍ നല്‍കി. ഫ്രഞ്ച്, സ്പാനിഷ്, ടര്‍ക്കിഷ് കമ്പനികളുടെ കൂട്ടായ്മയായ എക്സ്പോ ലിങ്ക് കണ്‍സോര്‍ട്ടിയത്തിനാണ് കരാര്‍. ഈ വര്‍ഷാവസാനം തന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകും.

എക്സ്പോ 2020 തുടങ്ങുന്നതിന് അഞ്ചുമാസം മുമ്പ് 2020 മേയ് 20ന് പുതിയ പാതയിലൂടെ ട്രെയിന്‍ ഓടിത്തുടങ്ങും. 2019 അവസാനത്തോടെ ട്രയല്‍ റണ്‍ നടത്തും. ഫ്രഞ്ച് കമ്പനിയായ അല്‍സ്റ്റോം കോംഗ്ളോമറേറ്റാണ് കണ്‍സോര്‍ഷ്യത്തെ നയിക്കുന്നത്. സ്പാനിഷ് കമ്പനിയായ ആക്സിയോണ, ടര്‍ക്കിഷ് കമ്പനിയായ ഗുലര്‍മാക് എന്നിവയാണ് കണ്‍സോര്‍ഷ്യത്തിലുള്ളത്.

Advertising
Advertising

കരാറനുസരിച്ച് അല്‍സ്റ്റോം പുതിയ 50 ട്രെയിനുകള്‍ കൈമാറും. ഇതില്‍ 15 എണ്ണം പുതിയ പാതയിലെ സര്‍വീസിന് മാത്രമായിരിക്കും. ബാക്കി 35 എണ്ണം നിലവിലെ സര്‍വീസ് മെച്ചപ്പെടുത്തുന്നതിനായി ഉപയോഗിക്കും. ഇലക്ട്രോ മെക്കാനിക്കല്‍ ജോലികളും അല്‍സ്റ്റോം നിര്‍വഹിക്കും. ഫ്രഞ്ച് താലിസ് ഗ്രൂപ്പിനായിരിക്കും സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കാനുള്ള ചുമതല. സിവില്‍ ജോലികള്‍ ആക്സിയോണയും ഗുലര്‍മാകും ചെയ്യും.

ചുവപ്പ് പാതയിലെ നഖീല്‍ ഹാര്‍ബര്‍ ആന്‍ഡ് ടവര്‍ സ്റ്റേഷനില്‍ നിന്ന് 15 കിലോമീറ്റര്‍ പുതിയ പാതയാണ് നിര്‍മിക്കുന്നത്. 11.8 കിലോമീറ്റര്‍ റോഡിന് മുകളിലൂടെയും 3.2 കിലോമീറ്റര്‍ ഭൂമിക്കടിയിലൂടെയുമായിരിക്കും. ദി ഗാര്‍ഡന്‍സ്, ഡിസ്കവറി ഗാര്‍ഡന്‍സ്, അല്‍ ഫുര്‍ജാന്‍, ജുമൈറ ഗോള്‍ഡ് എസ്റ്റേറ്റ്സ്, ദുബൈ ഇന്‍വെസ്റ്റ്മെന്‍റ് പാര്‍ക്ക് എന്നിങ്ങനെ പാത കടന്നുപോകുന്ന പ്രദേശങ്ങളുടെ വികസനത്തിനും പദ്ധതി വഴിവെക്കും.

രണ്ടരകോടി സന്ദര്‍ശകരെ പ്രതീക്ഷിക്കുന്ന ആറുമാസം നീളുന്ന എക്സ്പോക്കെത്തുന്നവര്‍ക്ക് മതിയായ യാത്രാസൗകര്യങ്ങള്‍ ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചതെന്ന് മതാര്‍ അല്‍ തായിര്‍ പറഞ്ഞു. വിവിധ സര്‍ക്കാര്‍ ഏജന്‍സികളുമായി ചേര്‍ന്ന് പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി ആര്‍.ടി.എ മാസ്റ്റര്‍ പ്ളാന്‍ തയാറാക്കിയിട്ടുണ്ട്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News