സോഷ്യൽ മീഡിയയിൽ പ്രകോപനപരമായ യുദ്ധവാർത്തകൾ പങ്കുവെക്കരുത്: കർശന മുന്നറിയിപ്പുമായി കുവൈത്ത്
പ്രകോപനപരമായ ചർച്ചകളിൽ നിന്നോ പോസ്റ്റുകളിൽ നിന്നോ വിട്ടുനിൽക്കണമെന്നും അധികൃതർ നിർദേശിച്ചു
കുവൈത്ത് സിറ്റി: രാജ്യത്തെ സുരക്ഷാ അന്തരീക്ഷങ്ങൾ കണക്കിലെടുത്ത് സോഷ്യൽ മീഡിയ ഉപയോഗത്തിൽ കർശന നിയന്ത്രണങ്ങളുമായി കുവൈത്ത്. യുദ്ധങ്ങൾ, സൈനിക നീക്കങ്ങൾ, മിസൈൽ ആക്രമണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ദൃശ്യങ്ങളോ വാർത്തകളോ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നതിനെതിരെ പ്രവാസികൾക്കും സ്വദേശികൾക്കും കുവൈത്ത് ആഭ്യന്തര മന്ത്രാലയം കർശന മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ സുരക്ഷയെയും സമാധാനത്തെയും ബാധിക്കുന്ന തരത്തിലുള്ള വിഡിയോകളും ചിത്രങ്ങളും ഷെയർ ചെയ്യുന്നത് കുവൈത്ത് സൈബർ ക്രൈം നിയമപ്രകാരം ക്രിമിനൽ കുറ്റമാണെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നത് ദേശീയ ഐക്യത്തെ തകർക്കുമെന്നും ജനങ്ങൾക്കിടയിൽ ഭീതി പടർത്താൻ കാരണമാകുമെന്നുമാണ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സൈബർ ക്രൈം വിഭാഗം കൂട്ടിച്ചേർത്തു.
മേഖലയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കണക്കിലെടുത്ത് പ്രവാസികൾ പൂർണമായ നിഷ്പക്ഷത പാലിക്കണമെന്നും പ്രകോപനപരമായ ചർച്ചകളിൽ നിന്നോ പോസ്റ്റുകളിൽ നിന്നോ വിട്ടുനിൽക്കണമെന്നും അധികൃതർ നിർദേശിച്ചു. വ്യാജവാർത്തകൾ ചമയ്ക്കുകയോ തെറ്റായ വിവരങ്ങൾ അടങ്ങിയ വിഡിയോകൾ ഫോർവേഡ് ചെയ്യുകയോ ചെയ്യുന്നവർ നിയമനടപടികൾ നേരിടേണ്ടി വരും. രാജ്യത്തിന്റെ നിയമങ്ങൾ അനുസരിക്കാനും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കാനും എല്ലാവരും ശ്രദ്ധിക്കണമെന്ന് സൈബർ ക്രൈം ഡിപ്പാർട്ട്മെന്റ് ഓർമിപ്പിച്ചു.