ഇറാൻ ആക്രമണം: കുവൈത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു
കൊല്ലപ്പെട്ടത് സർജന്റുമാരായ വലീദ് മജീദ് സുലൈമാനും അബ്ദുൽ അസീസ് അബ്ദുൽ മുഹ്‌സിൻ ദാഖിൽ നാസറും
കുവൈത്ത് സിറ്റി: ഇറാൻ ആക്രമണത്തിൽ കുവൈത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു. സർജന്റുമാരായ വലീദ് മജീദ് സുലൈമാനും അബ്ദുൽ അസീസ് അബ്ദുൽ മുഹ്‌സിൻ ദാഖിൽ നാസറുമാണ് കൊല്ലപ്പെട്ടത്. ആർമി ജനറൽ സ്റ്റാഫാണ് ഇക്കാര്യം അറിയിച്ചത്. രാജ്യസേവനത്തിനിടെ കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ഇവർ മരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
ആക്രമണങ്ങളിൽ 27 സൈനികർക്ക് പരിക്ക്
കുവൈത്തിന് നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങളിൽ 27 സൈനികർക്ക് പരിക്കേറ്റതായും കുവൈത്ത് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണം ആരംഭിച്ചത് മുതൽ ഇതുവരെ കുവൈത്ത് ആകാശപരിധിയിൽ 178 ബാലിസ്റ്റിക് മിസൈലുകളും 384 ഡ്രോണുകളും കണ്ടെത്തിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ആക്രമണത്തിൽ പരിക്കേറ്റവർ ചികിത്സയിലാണെന്നും മന്ത്രാലയ വക്താവ് പറഞ്ഞു. രാജ്യത്തിന്റെ അതിർത്തികളും ആകാശപരിധിയും സംരക്ഷിക്കുന്നതിനും പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും സൈന്യം സജ്ജമാണെന്ന് അധികൃതർ വ്യക്തമാക്കി.
കുവൈത്തിലെ യുഎസ് എംബസി അടച്ചു
മേഖലയിലെ സംഘർഷങ്ങൾ തുടരുന്ന സാഹചര്യത്തിൽ കുവൈത്തിലെ യുഎസ് എംബസി അടച്ചതായി അധികൃതർ. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് നടപടി. ഇതോടെ എല്ലാ പതിവ്, അടിയന്തര കോൺസുലാർ അപ്പോയിന്റ്മെന്റുകളും റദ്ദാക്കിയതായും അറിയിച്ചു.
കുവൈത്തിലെ അടിയന്തര സേവനങ്ങൾക്കായി 112 എന്ന നമ്പറിൽ വിളിക്കാം.
സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് - കോൺസുലാർ അഫയേഴ്സ് (+18884074747 & 12025014444 )