കുവൈത്ത് വ്യോമാതിർത്തിയിലെ മിസൈൽ സാന്നിധ്യം; വിജയകരമായി പ്രതിരോധിച്ചെന്ന് സായുധ സേന

കുവൈത്ത് വ്യോമാതിർത്തി താൽക്കാലികമായി അടച്ചു

Update: 2026-02-28 10:47 GMT
Editor : Thameem CP | By : Web Desk

കുവൈത്ത് സിറ്റി: കുവൈത്ത് വ്യോമാതിർത്തിയിൽ മിസൈലുകൾ കണ്ടെത്തിയതായും രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ അവ വിജയകരമായി നേരിട്ടതായും സായുധ സേന അറിയിച്ചു. നിശ്ചിത സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് നടപടികൾ സ്വീകരിച്ചതെന്ന് വ്യക്തമാക്കിയ ജനറൽ കമാൻഡ്, സംഭവവുമായി ബന്ധപ്പെട്ട് കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

പ്രാദേശിക സുരക്ഷാ സാഹചര്യം പരിഗണിച്ച് കുവൈത്ത് വ്യോമാതിർത്തി താൽക്കാലികമായി അടച്ചതായി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.വിമാനങ്ങളും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള മുൻകരുതൽ നടപടിയായാണ് തീരുമാനം.സ്ഥിതി ബന്ധപ്പെട്ട ഏജൻസികളുമായി ചേർന്ന് തുടർച്ചയായി നിരീക്ഷിക്കുന്നതായും പുതിയ അറിയിപ്പുകൾ ഔദ്യോഗികമായി നൽകുമെന്നും അധികൃതർ വ്യക്തമാക്കി.

സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ആഭ്യന്തര മന്ത്രാലയം രാജ്യത്ത് മുന്നറിയിപ്പ് സൈറണുകൾ മുഴക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യത്തിൽ പൊതുജനങ്ങൾ ശാന്തത പാലിക്കണമെന്നും, ഗ്യാസ് വൈദ്യുതി സ്രോതസ്സുകൾ ഓഫ് ചെയ്യണമെന്നും മന്ത്രാലയം നിർദേശിച്ചു. സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുമ്പോൾ ലിഫ്റ്റുകൾക്ക് പകരം പടികൾ ഉപയോഗിക്കണമെന്നും കൂടുതൽ വിവരങ്ങൾക്കായി ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News