യുഎസ് എഫ്-15ഇ യുദ്ധവിമാനങ്ങൾ കുവൈത്ത് അബദ്ധത്തിൽ വെടിവച്ചുവീഴ്ത്തിയത്: യുഎസ് സൈന്യം
വിമാനങ്ങളിലെ ആറ് എയർക്രൂ അംഗങ്ങളും സുരക്ഷിതരാണെന്ന് സെൻട്രൽ കമാൻഡ്
കുവൈത്ത് സിറ്റി: ഇറാൻ ആക്രമണത്തിനിടെ യുഎസിന്റെ മൂന്ന് എഫ്-15ഇ യുദ്ധവിമാനങ്ങൾ കുവൈത്ത് അബദ്ധത്തിൽ വെടിവച്ചുവീഴ്ത്തിയതായി യുഎസ് സൈന്യം അറിയിച്ചു. യുഎസ് സൈനിക വിമാനങ്ങൾ തകർന്നുവീണതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. വിമാനങ്ങളിലെ ആറ് എയർക്രൂ അംഗങ്ങളും സുരക്ഷിതരാണെന്നും ആരോഗ്യനില സ്ഥിരമാണെന്നും സെൻട്രൽ കമാൻഡ് വ്യക്തമാക്കി. സംയുക്ത സൈനിക പ്രവർത്തനങ്ങളിൽ ഇരുരാജ്യങ്ങളും സഹകരണം തുടരുന്നതായും യുഎസ് സൈന്യം അറിയിച്ചു.
രാജ്യത്ത് ഇന്ന് രാവിലെ നിരവധി യു.എസ്. സൈനിക വിമാനങ്ങൾ തകർന്നുവീണതായി കുവൈത്ത് പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. വിമാനങ്ങളിലെ ജീവനക്കാരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയതായും അവർ ആരോഗ്യവാന്മാരാണെന്നും അധികൃതർ വ്യക്തമാക്കി. സംഭവത്തെ തുടർന്ന് തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും ഉടൻ ആരംഭിച്ചു. സംഭവത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്നും ഔദ്യോഗിക വിവരങ്ങൾ മാത്രം പിന്തുടരണമെന്നും അധികൃതർ അറിയിച്ചിരുന്നു.
മിസൈൽ പ്രതിരോധ യുദ്ധ ദൃശ്യങ്ങൾ ചിത്രീകരിക്കരുത്
കുവൈത്തിൽ നടക്കുന്ന മിസൈൽ പ്രതിരോധമടക്കമുള്ള യുദ്ധ ദൃശ്യങ്ങൾ ചിത്രീകരിക്കരുതെന്ന് മുന്നറിയിപ്പ് നൽകി ആഭ്യന്തര മന്ത്രാലയം. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിടുകയോ ലൈവായി പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും അറിയിച്ചു. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.