സൌദിയും ചൈനയും വിവിധ കരാറുകളില്‍ ഒപ്പുവെച്ചു

Update: 2018-04-13 13:26 GMT
സൌദിയും ചൈനയും വിവിധ കരാറുകളില്‍ ഒപ്പുവെച്ചു

സൌദി അറേബ്യയും ചൈനയും തമ്മില്‍ വാണിജ്യ, വ്യവസായ, നിക്ഷേപ, സേവന, വാര്‍ത്താവിനിമയ മേഖലയിലെ സഹകരണത്തിനുള്ള നിരവധി കരാറുകള്‍ ഒപ്പുവെച്ചു.

സൌദി അറേബ്യയും ചൈനയും തമ്മില്‍ വാണിജ്യ, വ്യവസായ, നിക്ഷേപ, സേവന, വാര്‍ത്താവിനിമയ മേഖലയിലെ സഹകരണത്തിനുള്ള നിരവധി കരാറുകള്‍ ഒപ്പുവെച്ചു. ചൈനയില്‍ സന്ദര്‍ശനം നടത്തുന്ന സൗദി രണ്ടാം കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ സാന്നിധ്യത്തിലാണ് കരാറുകള്‍ ഒപ്പുവെച്ചത്.

സൗദി, ചൈന സൗഹൃദത്തിന് പുതിയ അധ്യായം വെട്ടിക്കുറക്കുന്നതാണ് പുതിയ കരാറുകള്‍. സൗദിയിലെ സ്വകാര്യ മേഖലയിലേക്ക് ചൈനീസ് മുതല്‍മുടക്ക് ആകര്‍ഷിക്കുക, ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വാണിജ്യ, വ്യവസായ സഹകരണം ശക്തമാക്കുക എന്നീ ലക്ഷ്യത്തോടെയാണ് പുതിയ കരാറുകള്‍ ഒപ്പുവെച്ചിട്ടുള്ളത്. സൗദി വാണിജ്യ, നിക്ഷേപ മന്ത്രി മാജിദ് അല്‍ഖുസൈബി, ഊര്‍ജ്ജ, വ്യവസായ മന്ത്രി എഞ്ചിനീയര്‍ ഖാലിദ് അല്‍ഫാലിഹ്, സാംസ്കാരിക, വാര്‍ത്താവിനിമയ മന്ത്രി ഡോ. ആദില്‍ അത്തുറൈഫി എന്നിവര്‍ സൌദിയെ പ്രതിനിധീകരിച്ച് കരാറുകളില്‍ ഒപ്പുവെച്ചു. സൗദി, ചൈനീസ് ബിസ്നസ് ഗ്രൂപ്പിന്റെ പ്രത്യേക യോഗവും കിരീടാവകാശിയുടെ സന്ദര്‍ശനത്തോടെ സംഘടിപ്പിച്ചിരുന്നു. സൗദിയിലെ പ്രമുഖ കമ്പനികളായ അജ് ലാന്‍ ഗ്രൂപ്പ്, അല്‍ജബ്ര്‍ ഹോള്‍ഡിങ് കമ്പനി, ഹായിര്‍ ഇലക്ട്രോണിക്സ്, റാമിസ് ഇന്‍റര്‍നാഷനല്‍, അല്‍ഫാ ഫാക്ടറി, ട്രാന്‍സ് ടി.ടി.ജി, അല്‍ജുമൈഹ് കമ്പനി, അല്‍ജറൈസി ഗ്രൂപ്പ്, ഹുവായ് സൗദി അറേബ്യ, സദാ കമ്പനി, ക്രഡിറ്റ് ഇന്‍റര്‍നാഷനല്‍ എന്നീവ വിവിധ ചൈനീസ് കമ്പനികളുമായി വാണിജ്യ, വ്യവസായ മേഖലയിലെ സഹകരണത്തിനുള്ള കരാറുകളും ഒപ്പുവെച്ചു. പാകിസ്താന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ കഴിഞ്ഞ ദിവസം ബീജിങിലെത്തിയത്.

Tags:    

Similar News