മരുന്നുമായി മലയാളികള്‍ ഖത്തറില്‍ പിടിയിലാകുന്നത് പതിവാകുന്നു

Update: 2018-04-15 15:50 GMT
Editor : admin
മരുന്നുമായി മലയാളികള്‍ ഖത്തറില്‍ പിടിയിലാകുന്നത് പതിവാകുന്നു

അലോപ്പതി, ആയുര്‍വേദ മരുന്നുകളുമായെത്തിയ മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരെ നാടുകടത്തി

Full View

നാട്ടില്‍ നിന്ന് മരുന്നുകളുമായെത്തുന്ന പ്രവാസികള്‍ ഖത്തറില്‍ പിടിയിലാവുന്നത് പതിവാകുന്നു. അലോപ്പതി, ആയുര്‍വേദ മരുന്നുകളുമായെത്തിയ മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരെ നാടുകടത്തി. കഴിഞ്ഞ രണ്ട് ദിവസമായി മൂന്ന് മലയാളികളെ കൂടി എയര്‍പോര്‍ട്ടില്‍ നിന്ന് പിടികൂടി നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഡോക്ടര്‍മാരുടെ കുറിപ്പടികളില്ലാതെയും കൂടിയ അളവിലും മരുന്നുമായെത്തിയവരാണ് നാടു കടത്തപ്പെട്ടവരില്‍ അധികവും.

ചെറിയ അളവിലെങ്കിലും ലഹരി വസ്തുക്കളായി ഉപയോഗിക്കാവുന്ന ഘടകങ്ങളടങ്ങിയ 120 ഓളം ഇംഗ്ലീഷ് മരന്നുകള്‍ക്ക് കഴിഞ്ഞ ജനുവരി മുതല്‍ ഖത്തറില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇവ എളുപ്പത്തില്‍ കണ്ടെത്താനായി വിമാനത്താവളത്തില്‍ പ്രത്യേക സംവിധാനം ഒരുക്കിയതോടെയാണ് കൂടുതല്‍ പേര്‍ പിടിയിലായത്. ഈ വിവരമറിയാതെ നാട്ടില്‍ നിന്ന് മരുന്നുകളുമായെത്തുന്ന നിരപരാധികള്‍ വിമാനത്താവളത്തില്‍ പിടിയിലാവുകയും നേരെ നാടുകടത്തല്‍ കേന്ദ്രത്തില്‍ ചെന്നു പെടുകയുമാണ് . ഇത്തരത്തിലുള്ള നിരവധി കേസുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇംഗ്ലീഷ് മരുന്നുകള്‍ക്ക് പുറമെ ആയുര്‍വേദ ഹോമിയോ മരുന്നുകളിലും വിലക്കപ്പെട്ട ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ടെങ്കില്‍ പിടിക്കപ്പെടുമെന്ന് അഡ്വക്കറ്റ് ജാഫര്‍ഖാന്‍ പറഞ്ഞു.

Advertising
Advertising

അടുത്ത ദിവസങ്ങളിലായി ഇത്തരം കേസുകളില്‍ പെട്ട നിരവധി മലയാളികള്‍ നാടുകടത്തല്‍ കേന്ദ്രത്തിലെത്തിയിട്ടുണ്ട്. ഇവരില്‍ ചിലരെ നാട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തു. കോഴിക്കോട് ചേന്ദമംഗലൂര്‍, കുറ്റ്യാടി, മൊറയൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്ന് ചെറുപ്പക്കാര്‍ ഇപ്പോഴും നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിയുന്നുണ്ട്. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി ഇവര്‍ കൊണ്ടുവന്ന മരുന്നുകള്‍ വിലക്കപ്പെട്ടതാണെന്ന് പിടിയിലായപ്പോള്‍ മാത്രമാണ് അറിയാനായതെന്ന് ഇവരിലൊരാളുടെ ബന്ധു മീഡിയവണിനോട് പറഞ്ഞു.

കാസര്‍കോട്, ആലപ്പുഴ എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ട് ചെറുപ്പക്കാരും ഒരു ഉത്തരേന്ത്യന്‍ സ്വദേശിയും സന്നദ്ധ സംഘടനകളുടെയും എംബസി ഉദ്യോഗസ്ഥരുടെയും സമയോചിത ഇടപെടലിനെ തുടര്‍ന്നാണ് നാടുകടത്തല്‍ കേന്ദ്രത്തില്‍ നിന്ന് മോചനം നേടിയത്. നാട്ടില്‍ നിന്ന് ഖത്തറിലേക്ക് വരുന്ന ഓരോ പ്രവാസിയും ഈ വിഷയത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News