റാഗിംങിനെ തുടര്‍ന്ന് മകള്‍ ആത്മഹത്യ ചെയ്ത സംഭവം; നീതി തേടി പിതാവ് ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍
മകളുടെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഖത്തറിലെ ഇന്ത്യന്‍ എംബസിയെ സമീപിച്ചിരിക്കുകയാണ് വടകര സ്വദേശിയായ തയ്യിള്ളുതില്‍ ഹമീദ് എന്ന പ്രവാസി രക്ഷിതാവ്.
മകളുടെ മരണത്തിന് ഉത്തരവാദികളായ കോളജ് അധ്യാപകര്‍ക്കും മാനേജ്‌മെന്റിനുമെതിരെ നടപടി ആവശ്യപ്പെട്ട് ഖത്തറിലെ ഇന്ത്യന്‍ എംബസിയെ സമീപിച്ചിരിക്കുകയാണ് വടകര സ്വദേശിയായ തയ്യിള്ളുതില്‍ ഹമീദ് എന്ന പ്രവാസി രക്ഷിതാവ്. പ്രദേശവാസിയായ പാറക്കല്‍ അബ്ദുല്ല എംഎല്‍എയുടെ ഭാഗത്ത് നിന്ന് യാതൊരു ഇടപെടലും ഉണ്ടായില്ലെന്നാണ് ബന്ധുക്കളുടെ പരാതി.
വടകര ചെരണ്ടത്തൂരിലെ എംഎച്ച്ഇഎസ് കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി ഹസ്‌നാസ് റാഗിംഗിനെ തുടര്‍ന്ന് ജീവനൊടുക്കിയത് രണ്ടര മാസം മുമ്പാണ്. സംഭവത്തില്‍ വിദ്യാര്‍ഥികളും അധ്യാപകരും കുറ്റക്കാരാണെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ 6 വിദ്യാര്‍ത്ഥികളെ അറസ്റ്റു ചെയ്ത പോലീസ് അധ്യാപര്‍ക്കെതിരെ നടപടിയെടുക്കാന്‍ മടിച്ചു നില്‍ക്കുകയാണെന്നാണ് കുട്ടിയുടെ പിതാവ് തയ്യിള്ളുതില്‍ ഹമീദ് പറയുന്നത്. സംഭവത്തിന് ശേഷം കോളജില്‍ നിന്ന് മാറ്റി നിര്‍ത്തിയിരുന്ന അധ്യാപകരെ പിന്നീട് മാനേജ്‌മെന്റ് തിരിച്ചെടുക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് നിയമ നടപടിയുമായി മുന്നോട്ടു പോവാനുറച്ച ഈ രക്ഷിതാവ് ഖത്തറിലെ ഇന്ത്യന്‍ എംബസിയെ സമീപിച്ചത്.
വിദ്യാര്‍ഥി പ്രക്ഷോഭങ്ങളെ അവഗണിച്ച് അധ്യാപകരെ സംരക്ഷിക്കുന്ന കോളജ് മാനേജ്‌മെന്റ് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടുകയാണെന്നാണ് ബന്ധുക്കളുടെ പരാതി. സംഭവം കഴിഞ്ഞ് രണ്ടരമാസം കഴിഞ്ഞിട്ടും ഖത്തര്‍ പ്രവാസി കൂടിയായി സ്ഥലം എംഎല്‍എയുടെ ഭാഗത്ത് നിന്ന് തങ്ങള്‍ക്കായി ഒരു ഇടപെടലും ഉണ്ടായില്ലെന്നും ഇവര്‍ പറയുന്നു. എന്നാല്‍ സംഭവത്തില്‍ മാനേജ്‌മെന്റ് നിരപരാധികളാണെന്നാണ് പാറക്കല്‍ അബ്ദുല്ല എംഎല്‍എ പറയുന്നത്. നീതി ലഭിക്കുന്നതു വരെ നിയമ പോരാട്ടം തുടരാന്‍ തന്നെയാണ് ഈ പിതാവിന്റെ തീരുമാനം.