അബൂദബി ബസുകളില്‍ 55 പിന്നിട്ടവര്‍ക്കും കുട്ടികള്‍ക്കും യാത്ര സൌജന്യം

Update: 2018-05-03 12:11 GMT
അബൂദബി ബസുകളില്‍ 55 പിന്നിട്ടവര്‍ക്കും കുട്ടികള്‍ക്കും യാത്ര സൌജന്യം

അതേസമയം, കൃത്യം പണം നല്‍കാതെ യാത്ര ചെയ്യുന്നവരില്‍ നിന്ന് 200 ദിര്‍ഹം പിഴ ഈടാക്കാനും ഗതാഗതവകുപ്പ് തീരുമാനിച്ചു

അബൂദബിയിലെ പൊതുബസുകളില്‍ ഇനി 55 പിന്നിട്ടവര്‍ക്കും കുട്ടികള്‍ക്കും സൗജന്യമായി യാത്രചെയ്യാം. അതേസമയം, കൃത്യം പണം നല്‍കാതെ യാത്ര ചെയ്യുന്നവരില്‍ നിന്ന് 200 ദിര്‍ഹം പിഴ ഈടാക്കാനും ഗതാഗതവകുപ്പ് തീരുമാനിച്ചു.

Full View

അബൂദബിയില്‍ ഇതുവരെ പണം നല്‍കാതെ പൊതുബസുകളില്‍ യാത്രചെയ്യുന്നവര്‍ക്ക് ശിക്ഷയുണ്ടായിരുന്നില്ല. ഇനി മുതല്‍ ഹാഫിലാത്ത് കാര്‍ഡ് വഴി കൃത്യമായി പണം നല്‍കാതെ യാത്രചെയ്യുന്നവര്‍ക്ക് 200 ദിര്‍ഹം പിഴ ലഭിക്കും. പുതിയ ചട്ടങ്ങള്‍ പ്രകാരം 55 വയസ് പിന്നിട്ടവര്‍ക്കും 10 വയസിന് താഴെയുള്ള കുട്ടികള്‍ക്കും സൗജന്യമായി യാത്രചെയ്യാം. ഇന്റര്‍സിറ്റി ബസുകളില്‍ ഇവര്‍ക്ക് പകുതി ചാര്‍ജ് നല്‍കിയാല്‍ മതി. 55 വയസ് പിന്നിട്ടവര്‍ ഈ ആനുകൂല്യം ലഭിക്കുന്നതിന് പാസ്പോര്‍ട്ട്, എമിറേറ്സ് ഐഡി എന്നിവ സഹിതം പ്രത്യേകം അപേക്ഷിക്കണം. അഞ്ച് ദിര്‍ഹമാണ് രജിസ്ട്രേഷന്‍ ഫീ. കുട്ടികള്‍ക്ക് പ്രത്യേക കാര്‍ഡ് വേണ്ടതില്ല. മുതിര്‍ന്നവര്‍ക്കൊപ്പം മാത്രമേ കുട്ടികള്‍ക്ക് യാത്ര അനുവദിക്കൂ. മുതിര്‍ന്നവരുടെ പക്കല്‍ കുട്ടികളുടെ വയസ് തെളിയിക്കുന്ന രേഖകളുണ്ടായിരിക്കണം. ഹാഫിലാത്ത് കാര്‍ഡ് മറ്റുള്ളവര്‍ക്ക് വില്‍പന നടത്തിയാല്‍ 500 ദിര്‍ഹമാണ് പിഴ. മൂടല്‍മഞ്ഞുള്ളപ്പോള്‍ ഹസാര്‍ഡ് ലൈറ്റിട്ട് യാത്രചെയ്യുന്നതിനും, ചെറിയ ആക്സിഡന്റുകളുടെ പേരില്‍ റോഡില്‍ ഗതാഗതം തടസപ്പെടുന്നതിനുമടക്കം 25 ഗതാഗത നിയമലംഘനങ്ങളും അബൂദബിയില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

Tags:    

Similar News