ദുബൈയില്‍ വാറ്റിന്റെ മറവില്‍ അമിത വിലയെന്ന് പരാതി

Update: 2018-05-08 23:51 GMT
ദുബൈയില്‍ വാറ്റിന്റെ മറവില്‍ അമിത വിലയെന്ന് പരാതി

ആരോഗ്യ,വിദ്യാഭ്യാസ മേഖലകള്‍ പൂര്‍ണമായും വാറ്റില്‍ നിന്ന് ഒഴിവല്ലെന്ന് യുഎഇ ഫെഡറല്‍ ടാക്സ് അതോറിറ്റി

യു.എ.ഇയിൽ മൂല്യവർധിത നികുതിയുടെ മറവിൽ അമിത വില ഈടാക്കുന്നുവെന്ന പരാതികൾ വർധിക്കുന്നു. തിങ്കളാഴ്​ച മാത്രം 71 പരാതികളാണ്​ ഇതുസംബന്​ധിച്ച്​ ലഭിച്ചതെന്ന്​ ദുബൈ സാമ്പത്തിക വികസന വകുപ്പ്​ അറിയിച്ചു. നിരീക്ഷണം ശക്​തമാക്കി നിയമലംഘകർക്കെതിരെ കടുത്ത നടപടി സ്വീകരിക്കാനുള്ള തയാറെടുപ്പിലാണ്​ അധികൃതർ.

ജനുവരി ഒന്നു മുതൽ നിലവിൽ വന്ന 'വാറ്റ്​' ഉപയോഗ​പ്പെടുത്തി അന്യായ വിലവർധനക്ക്​ അവസരം ഒരുക്കുകയാണ്​ ചില വ്യാപാരികൾ. ഒറ്റ ദിവസം കൊണ്ടു മാത്രം നിരവധി പരാതികൾ ലഭിച്ചതോടെ ഒമ്പത്​ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചതായി സാമ്പത്തിക മന്ത്രാലയ അധികൃതർ വ്യക്​തമാക്കി. നികുതി ഇനത്തിൽ കൂടുതൽ തുക ഈടാക്കുന്നുവെന്ന പരാതിയാണ്​ ലഭിച്ചവയിൽ കൂടുതൽ. നികുതി പ്രത്യേകമായി ബില്ലിൽ കാണിക്കാതെ തുക ഈടാക്കുന്ന സ്ഥാപനങ്ങളുമുണ്ട്‌. ഫെഡറൽ ടാക്​സ്​ അതോറിറ്റിയുടെ നേതൃത്വത്തിൽ രൂപവത്​കരിച്ച സമിതിയും സാമ്പത്തിക മന്ത്രാലയവും വിപണിയിൽ പ്രത്യേക പരിശോധന തുടരും. ​ചെറുകിട സ്​ഥാപനങ്ങൾ മാത്രമല്ല, വാറ്റി​ന്‍റെ മറവിൽ വിലവർധന നടത്തിയതെന്നും സൂചനയുണ്ട്​. അതുകൊണ്ട്​ സ്​ഥാപനങ്ങൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നാണ്​ മന്ത്രാലയം മുന്നറിയിപ്പ്​ നൽകുന്നത്​.

Advertising
Advertising

പരാതികള്‍ വര്‍ധിച്ച സാഹചര്യത്തിൽ ഗ്രോസറികളിലും മറ്റും വ്യാപക പരി​ശോധനയും അധികൃതർ ലക്ഷ്യമിടുന്നു. ദുബൈക്കു പുറമെ അബൂദബിയിലും നിരവധി പേർ പരാതിയുമായി രംഗത്തു വന്നിട്ടുണ്ട്​. പരാതികൾ അറിയിക്കാൻ ദുബൈയിലും അബൂദബിയിലും പ്രത്യേക ടോൾ​ഫ്രീ നമ്പറുകളും ഏർപ്പെടുത്തിയിട്ടുണ്ട്​.

Full View

രാജ്യത്ത് നടപ്പാക്കിയ മൂല്യവര്‍ധിത നികുതിയില്‍ നിന്ന് ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ പൂര്‍ണമായും ഒഴിവല്ലെന്ന വിശദീകരണവുമായി ഫെഡറല്‍ ടാക്സ് അതോറിറ്റി. ഈ രംഗത്ത് വാറ്റ് ബാധകമായതും, പൂജ്യം ശതമാനം വാറ്റ് ഉള്ളതും എന്നാല്‍ വാറ്റില്‍ നിന്ന് ഒഴിവാക്കിയതുമായ സേവനങ്ങളും ഉല്‍പന്നങ്ങളുമുണ്ട്.

യു എ ഇയില്‍ അഞ്ച് ശതമാനമാണ് വാറ്റ്, എന്നാല്‍ ഇപ്പോള്‍ പൂജ്യം ശതമാനം വാറ്റ് ഈടാക്കുന്ന ചില മേഖലകളുണ്ട്. ഇവക്ക് ഭാവിയില്‍ പൂജ്യത്തില്‍ കൂടുതല്‍ ശതമാനം വാറ്റ് ഏര്‍പ്പെടുത്തിയേക്കാം. വാറ്റില്‍ നിന്ന് ഒഴിവാക്കിയ മേഖലക്ക് മാത്രമാണ് ബാധകമല്ലാത്തത്.

വിദ്യാഭ്യാസമേഖലയില്‍ നഴ്സറി വിദ്യാഭ്യാസം, പ്രീ സ്കൂള്‍ പഠനം, സ്കൂള്‍ വിദ്യാഭ്യാസം, സര്‍ക്കാര്‍ സ്ഥാപനത്തിലേയോ സര്‍ക്കാര്‍ സഹായമുള്ള സ്ഥാപനത്തിലേയോ ഉന്നത പഠനം എന്നിവക്ക് പൂജ്യം ശതമാനം വാറ്റുണ്ട്. അതായത് ഭാവിയില്‍ വാറ്റ് നല്‍കേണ്ടി വന്നേക്കാം.

എന്നാല്‍, സ്കൂള്‍ ബസിന് വാറ്റ് ബാധകമല്ല. അതേസമയം, പഠനയാത്രകള്‍ക്ക് പൂജ്യം ശതമാനം വാറ്റുണ്ട്. സ്കൂള്‍ യൂനിഫോം, വിനോദയാത്ര, സ്കൂള്‍ കാന്‍റീനിലെ ഭക്ഷണം എന്നിവക്ക് 5 ശതമാനം വാറ്റുണ്ട്. ആരോഗ്യമേഖലയില്‍ ആരോഗ്യമന്ത്രാലയം അംഗീകരിച്ച രോഗപ്രതിരോധത്തിനും അനുബന്ധചികില്‍സക്കും പൂജ്യം ശതമാനമാണ് വാറ്റ്. എന്നാല്‍ രോഗപ്രതിരോധ സ്വഭാവമില്ലാത്ത ചികില്‍സകള്‍ക്ക് 5 ശതമാനം വാറ്റുണ്ടാകും.

Full View
Tags:    

Similar News