ഗള്‍ഫ് മേഖലയില്‍ സുരക്ഷാ ഉടമ്പടി വേണമെന്ന് ഖത്തര്‍
പ്രശ്‌നപരിഹാരത്തിനായി അമേരിക്ക മുന്നോട്ട് വെച്ച നിര്‍ദേശങ്ങളോട് ഖത്തര്‍ മാത്രമാണ് അനുകൂലമായി പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഗള്‍ഫ് മേഖലയില്‍ സുരക്ഷയും സമാധാനവും നിലനില്‍ക്കാന്‍ പ്രത്യേക സുരക്ഷാ ഉടമ്പടി നിലവില്‍ വരണമെന്ന് ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനി ആവശ്യപ്പെട്ടു. പ്രശ്‌നപരിഹാരത്തിനായി അമേരിക്ക മുന്നോട്ട് വെച്ച നിര്‍ദേശങ്ങളോട് ഖത്തര്‍ മാത്രമാണ് അനുകൂലമായി പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതിന് അമേരിക്ക നടത്തുന്ന ശ്രമങ്ങളോട് തങ്ങള്‍ പരിപൂര്‍ണമായും സഹകരിച്ചതായും യുഎസ് വിദേശകാര്യ സെക്രട്ടറി മൂന്ന് തവണ ഇതിനായി ഖത്തര്‍ സന്ദര്‍ശിച്ചതായും ഉപപ്രധാനമന്ത്രിയും ഖത്തര്‍ വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനി വ്യക്തമാക്കി. ഫ്രഞ്ച് പത്രമായ ലേ ഫിഗാറോക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. മ്യൂണിച്ചില്‍ നടന്ന സുരക്ഷാ സമ്മേളനത്തില്‍ മേഖലയില്‍ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് പ്രത്യേക സുരക്ഷാ ഉടമ്പടി വേണമെന്ന നിര്‍ദേശം ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി മുന്നോട്ടുവെച്ചിരുന്നു. മേഖലയെ ബാധിച്ചിരിക്കുന്ന അരക്ഷിതാവസ്ഥ ഒഴിവാക്കാനുള്ള മുന്‍കരുതലായി ഈ നിര്‍ദേശത്തെ കാണണമെന്നും ഉപപ്രധാനമന്ത്രി പറഞ്ഞു.
ഗള്‍ഫ് മേഖല നേരിടുന്ന നിരവധി പ്രതിസന്ധികളിലൊന്ന് മാത്രമാണ് ഖത്തറിനെച്ചൊല്ലിയുള്ളത്. ഇവ പരിഹരിക്കുന്നതിന് ചര്‍ച്ചകള്‍ നടക്കണം. ഇറാന്‍ തുര്‍ക്കിയെ പോലെ തന്നെ മേഖലയിലെ സുപ്രധാനമായ രാജ്യമാണെന്നും ഇറാനുമായി അഭിപ്രായ ഭിന്നതയുള്ള രാജ്യം തന്നെയാണ് ഖത്തറെന്നും ഉപപ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ അവരുമായും കൂടിയിരുന്നുള്ള ചര്‍ച്ചക്ക് തങ്ങള്‍ തയ്യാറാണ്. പ്രകൃതി വാതക കയറ്റുമതി അടക്കമുള്ള വിഷയങ്ങളില്‍ പരസ്പരം താല്‍പര്യം നിലനിര്‍ത്തിയാണ് സഹകരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. ഖത്തറിനെ സാമ്പത്തികമായി തകര്‍ക്കാന്‍ ലക്ഷ്യമിട്ട ഉപരോധകാലത്താണ് ഖത്തര്‍ സാമ്പത്തികമായി നില മെച്ചപ്പെടുത്തിയത്. ഖത്തറിനെതിരെ ഏതെങ്കിലും തരത്തിലുള്ള സൈനിക ഇടപെടല്‍ ഉണ്ടാകാനുള്ള സാഹചര്യം നിലവില്ലെന്ന് അദ്ദേഹം അറിയിച്ചു.