ബഹ്റൈനിൽ വീണ്ടും ഇറാൻ ആക്രമണം; സിത്രയിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണ് 4 പൗരൻമാർക്ക് പരിക്കേറ്റു

നിരവധി വീടുകൾക്കും കെട്ടിടങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്

Update: 2026-04-04 07:38 GMT

മനാമ: ബഹ്റൈനിൽ വീണ്ടും ഇറാൻ ആക്രമണം. ബഹ്റൈനിലെ സിത്രയിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണ് 4 പൗരൻമാർക്ക് പരിക്കേറ്റു. ആക്രമണത്തെത്തുടർന്ന് വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. അർധരാത്രിയോടെയാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ പരിക്കേറ്റവർ ബഹ്റൈൻ പൗരൻമാരാണ്. പരിക്കുകൾ ​ഗുരുതരമല്ലെന്നും സ്ഥിതി​ഗതികൾ നിയന്ത്രണവിധേയമാണെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

മേഖലയിലെ നിരവധി വീടുകൾക്കും കെട്ടിടങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. നാഷണൽ ആംബുലൻസ് യൂണിറ്റും സിവിൽ ഡിഫൻസ് വിഭാഗവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ആക്രമണം ലക്ഷ്യമിട്ട് ബഹ്റൈനിലേക്കെത്തിയ ഡ്രോണുകൾ ആകാശത്തുവെച്ച് വിജയകരമായി പ്രതിരോധിച്ചു. ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചാണ് വീടുകൾക്ക് നാശനഷ്ടം സംഭവിച്ചത്. ദിവസങ്ങൾക്കുമുമ്പ് മനാമയിലുണ്ടായ ആക്രമണത്തിൽ 29 കാരി മരിക്കുകയും 8 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സിത്രയിൽ മുമ്പ് നടന്ന ആക്രമണത്തിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ 32 സ്വദേശികൾക്ക് പരിക്കേറ്റിരുന്നു.

ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ വീടുകളിൽ നിന്ന് അനാവശ്യമായി പുറത്തിറങ്ങരുതെന്നും പൗരൻമാർ സുരക്ഷിതരായിരിക്കണമെന്നും അധികൃതർ നിരന്തരമായി മുന്നറിയിപ്പ് നൽകുന്നുണ്ട്. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. 

Tags:    

Writer - എൻ. കെ ഷാദിയ

contributor

Editor - എൻ. കെ ഷാദിയ

contributor

By - Web Desk

contributor

Similar News