എണ്ണവിലയിടിവ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി ഈദാഘോഷത്തിന്റെ നിറം കെടുത്തുന്നു
ചെലവ് ചുരുക്കാന്‍ നിര്‍ബന്ധിതരാവുകയാണ് ഓരോ സൌദി കുടുംബവും
സൌദിയില്‍ എണ്ണവിലയിടിവ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി ഈദാഘോഷത്തിന്റെ നിറം കെടുത്തുന്നു. ചെലവ് ചുരുക്കാന്‍ നിര്‍ബന്ധിതരാവുകയാണ് ഓരോ സൌദി കുടുംബവും.
വിപണിയിലേക്കുള്ള പണത്തിന്റെ ഒഴുക്ക് കുറഞ്ഞതോടെ ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശം അവസ്ഥയിലാണ് സൌദി ഇപ്പോള്‍. ചെലവുചുരുക്കലിന്റെ ഭാഗമായി ഗവണ്മെന്റ് പദ്ധതികള്‍ വെട്ടിക്കുറച്ചത് ഇറക്കുമതിയില്‍ 24 ശതമാനത്തിന്റെ കുറവുണ്ടാക്കി. ചെലവ് ചുരുക്കല്‍ നയം 1 കോടിയിലേറെ വിദേശി തൊഴിലാളികളെ ബാധിച്ചു. സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും നിയമതടസ്സങ്ങളുള്ളതിനാല്‍ സ്വദേശി പൌരന്മാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാനുള്ള സാധ്യതയില്ല. സൌദിയില്‍ നിലവില്‍ തൊഴിലില്ലായ്മ നിരക്ക് 11.5 ശതമാനമാണ്. സൌദികള്‍ ഏറ്റവുമധികം ജോലി ചെയ്യുന്ന ഗവണ്‍മെന്റ് മേഖലയിലുള്ള ചെലവുചുരുക്കലല്‍ സൌദി പൌരന്മാരെയും ബാധിക്കാന്‍ സാധ്യതയുണ്ട്. ഓവര്‍ ടൈം വേതനം, പരിധികളില്ലാത്ത ബോണസ് അങ്ങനെ ആകര്‍ഷകമായതെല്ലാം ഗവണ്മെന്റ് ജോലികളില്‍ നിന്ന് വെട്ടിമാറ്റപ്പെടുകയാണ്. എണ്ണവിപണിയെ ആശ്രയിക്കാത്ത സമ്പദ് വ്യവസ്ഥ എന്ന ആശയത്തിനായി സൌദി പൌരന്മാരുടെ സ്വകാര്യവ്യവസായത്തിന് സര്‍ക്കാര്‍ പ്രോത്സാഹനം നല്കുന്നുണ്ട്. എണ്ണ ഇതര മേഖലകളില്‍ നിന്നുള്ള വരുമാനം കൊണ്ട് പ്രതിസന്ധിയെ മറികടക്കുക എന്നതാണ് ലക്ഷ്യം. ഇതെത്തുടര്‍ന്ന് കാര്‍ഷികരംഗത്തും മാറ്റങ്ങളുണ്ട്. ചെലവ് ചുരുക്കലിന്റെ പ്രത്യാഘാതങ്ങള്‍ സൌദിയിലെ ഷോപ്പിങ് കേന്ദ്രങ്ങള്‍, റെസ്റ്റോറന്റുകള്‍ എന്നിവയെയും സാരമായി ബാധിച്ചു. സാധാരണക്കാരുടെ ജീവിത സാഹചര്യങ്ങളും മോശമായിട്ടുണ്ട്.
റീട്ടെയിലിങ് കമ്പനികളുടെ വില്പനിയില്‍ 25 ശതമാനത്തിന്റെ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. ചെലവ് ചുരുക്കലിന്റെ ഭാഗമായി കൂടുതല്‍ സബ്സിഡികള്‍ വെട്ടിക്കുറക്കാന്‍ സാധ്യതയുണ്ട്. എണ്ണവില കുറവ് സൃഷ്ടിച്ച പ്രതിസന്ധിയുടെ ഭാഗമായുള്ള ചെലവ്ചുരുക്കലിനെതിരെ കാര്യമായ പ്രതിഷേധങ്ങളൊന്നും സൌദി പൌരന്മാരില്‍ നിന്ന് ഉയര്‍ന്നിട്ടില്ല. രാജ്യം നേരിടുന്ന ജനങ്ങളും മനസ്സിലാക്കുന്നുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്.