കുവൈത്ത് സാദിഖ് മസ്ജിദ് ചാവേര്‍ സ്ഫോടനത്തിന് ഒരു വയസ്

Update: 2018-05-26 07:54 GMT
Editor : admin
കുവൈത്ത് സാദിഖ് മസ്ജിദ് ചാവേര്‍ സ്ഫോടനത്തിന് ഒരു വയസ്

സ്ഫോടനമുണ്ടായി മിനിട്ടുകൾക്കുള്ളിൽ സംഭവസ്ഥലത്തു നേരിട്ടെത്തിയാണ് അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹ് ജനങ്ങളെ ആശ്വസിപ്പിച്ചത്. എല്ലാരും എന്‍റെ മക്കളാണ് എന്ന അർഥം വരുന്ന കുൽനാ ഇയാലീ എന്ന അമീറിന്റെ പ്രഖ്യാപനം രാജ്യത്ത് ഷിയാ സുന്നി വിഭാഗീയ സൃഷ്ടിക്കാനുള്ള തീവ്രവാദികളുടെ ശ്രമങ്ങൾ വൃഥാവിലാക്കി.

കുവൈത്ത് ചരിത്രത്തിലെ ദുഃഖ വെള്ളിക്കു ഒരു വയസ്സ്. കഴിഞ്ഞ റമദാൻ ഒമ്പതിനായിരുന്നു സവാബിറിലെ ഇമാം സാദിഖ് മസ്ജിദിൽ ജുമുഅ നമസ്കാരത്തിനിടെ ചാവേർ പൊട്ടിത്തെറിച്ചത്. രാജ്യംകണ്ട ഏറ്റവും വലിയ ദുരന്തത്തിന്‍റെ ഒരു വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലിലാണ് ഭരണകൂടം.

Advertising
Advertising

കുവൈത്ത് സിറ്റിയിലെ ഇമാം ജഅഫർ സാദിക് മസ്ജിദിൽ അന്ന് ജുമുഅ പ്രാർത്ഥനക്ക് പതിവിലും തിരക്കുണ്ടായിരുന്നു . കുവൈത്തിലെ ഏറ്റവും വലിയ ശിയാപള്ളിയെ ലക്‌ഷ്യം വെച്ച് എത്തിയ ഫഹദ് സുലൈമാന്‍ അബ്ദുല്‍ മുഹ്സിന്‍ അല്‍ഗബ എന്ന സൗദി പൗരൻ വിശ്വാസികൾക്കിടയിലേക്ക് കയറി സ്വയം പൊട്ടിത്തെറിച്ചപ്പോൾ 27 ജീവനുകളാണ് പൊലിഞ്ഞത്. ഒപ്പം 227 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഐഎസ് അനുഭാവ സംഘടനയായ അല നജദ് പ്രൊവിൻസ്‌ സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.

സ്ഫോടനമുണ്ടായി മിനിട്ടുകൾക്കുള്ളിൽ സംഭവസ്ഥലത്തു നേരിട്ടെത്തിയാണ് അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹ് ജനങ്ങളെ ആശ്വസിപ്പിച്ചത്. എല്ലാരും എന്‍റെ മക്കളാണ് എന്ന അർഥം വരുന്ന കുൽനാ ഇയാലീ എന്ന അമീറിന്റെ പ്രഖ്യാപനം രാജ്യത്ത് ഷിയാ സുന്നി വിഭാഗീയ സൃഷ്ടിക്കാനുള്ള തീവ്രവാദികളുടെ ശ്രമങ്ങൾ വൃഥാവിലാക്കി. അതോടൊപ്പം സുന്നി പള്ളിയായ മസ്ജിദുല്‍ കബീറില്‍ സുന്നി-ശിയ സംയുക്ത ജുമുഅ സംഘടിപ്പിച്ചതും മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അനുശോചനമര്‍പ്പിക്കാന്‍ മൂന്നു ദിവസം മസ്ജിദുല്‍ കബീറില്‍ സൌകര്യമൊരുക്കിയതും രാജ്യത്ത് ഐക്യവും സമാധാനവും നിലനിർത്തി.

കുറ്റാന്വേഷണ രംഗത്ത് കുവൈത്ത് പോലീസിന്റെ കഴിവ് തെളിയിക്കുന്നതായിരുന്നു സ്ഫോടന ക്കേസ് അന്വേഷണം. മണിക്കൂറുകൾക്കുള്ളിൽ ചാവേറിനെ തിരിച്ചറിയാനും ഒരു മാസത്തിനുള്ളിൽ മുഴുവൻ പ്രതികളെയും നിയമത്തിനു മുന്നിൽ കൊണ്ട് വരാനും അന്വേഷണ സംഘത്തിനു കഴിഞ്ഞു. ഒരു റമദാൻ ഒമ്പത് കൂടി കടന്നു പോകുമ്പോൾ സമാന സംഭവങ്ങൾ ആവർത്തിക്കാതിരികാനുള്ള കരുതലിലാണ് സുരക്ഷാ വിഭാഗങ്ങൾ . ഒപ്പം ഇനിയൊരു അനർഥം ഉണ്ടാവരുതേ എന്ന പ്രാര്‍ഥനയിൽ കുവൈത്ത് ജനതയും ഇവിടെ ജീവിക്കുന്ന നാനാ ദേശക്കാരായ പ്രവാസികളും.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News