കുവൈത്തില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നവംബര്‍ 26ന്

Update: 2018-05-28 16:53 GMT
Editor : Sithara
കുവൈത്തില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നവംബര്‍ 26ന്

രാഷ്ട്രീയ സഖ്യങ്ങളും ഗോത്രവിഭാഗങ്ങളും തെരെഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ സജീവമാക്കി

കുവൈത്തിൽ പാർലമെന്റ് തെരഞ്ഞെടുപ്പ് നവംബർ 26 ശനിയാഴ്ച നടക്കും. രാഷ്ട്രീയ സഖ്യങ്ങളും ഗോത്രവിഭാഗങ്ങളും തെരെഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ സജീവമാക്കി. ഇത്തവണ ബഹിഷ്കരണത്തിനില്ലെന്ന് പ്രതിപക്ഷ ഇസ്‌ലാമിക സഖ്യം വ്യക്തമാക്കി. സ്ഥാനാർഥി നിർണയത്തിനായി ഗോത്രതല യോഗങ്ങൾ പാടില്ലെന്ന് ആഭ്യന്തരമന്ത്രാലയം നിർദേശം നൽകി.

തിങ്കളാഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണ് നവംബർ 26 ശനിയാഴ്ച തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചത്. പാര്‍ലമെന്‍റ് പിരിച്ചുവിടാനുള്ള സാധ്യത മുൻകൂട്ടികണ്ടു ഗോത്രവിഭാഗങ്ങൾ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകൾക്ക് നേരത്തെ തുടക്കമിട്ടിരുന്നു. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ടു ഗോത്രതല കൂടിയാലോചനകൾ നടത്തരുതെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് നിയമത്തിൽ ഭേദഗതി വരുത്തിയതിൽ പ്രതിഷേധിച്ചു കഴിഞ്ഞ രണ്ട് പൊതു തെരഞ്ഞെടുപ്പുകൾ ബഹിഷ്ക്കരിച്ച പ്രതിപക്ഷ ഇസ്‌ലാമിക സഖ്യം മത്സര രംഗത്തുണ്ടാകുമെന്നതാണ് ഇത്തവണത്തെ പ്രത്യേകത.
ഇസ്ലാമിക് കോണ്‍സ്റ്റിറ്റ്യൂഷനല്‍ മൂവ്മെന്‍റ്, പ്രിന്‍സിപ്പ്ള്‍സ് ഓഫ് നാഷന്‍ ഗ്രൂപ്പുകളാണ് മത്സര രംഗത്തുണ്ടാകുമെന്നു പ്രഖ്യാപിച്ചത്.

Advertising
Advertising

2012 ഫെബ്രുവരിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 50 സീറ്റുകളിൽ 35ഉം നേടിയത് ഇസ്‌ലാമിസ്റ്റ് സഖ്യമായിരുന്നു. പ്രതിപക്ഷ ചേരിയിലെ പ്രമുഖ നേതാവും മുൻ എംപിയുമായ മുസൈലം അൽ ബറാക് ഇപ്പോൾ കോടതിയലക്ഷ്യക്കേസിൽ ജയിലിലാണ്. രാഷ്ട്രീയ കക്ഷികള്‍ക്ക് അനുമതിയില്ലാത്തതിനാല്‍ സ്വതന്ത്രരായാണ് സ്ഥാനാര്‍ഥികള്‍ മത്സരിക്കുക. അഞ്ച് പാർലമെന്ററി നിയോജക മണ്ഡലങ്ങളാണ് രാജ്യത്തുള്ളത്. ഓരോ മണ്ഡലത്തിൽ നിന്നും 10 അംഗങ്ങൾ വീതമാണ് ദേശീയ അസംബ്ലിയിൽ എത്തുക. 2013ലെ പൊതുതെരഞ്ഞെടുപ്പില്‍ ആകെയുള്ള 4,39,911 വോട്ടര്‍മാരിൽ 51.9 ശതമാനം മാത്രമാണ് സമ്മതിദാനം വിനിയോഗിച്ചത്. അതിനിടെ പിരിച്ചു വിടപ്പെട്ട പാർലിമെന്റിൽ നിന്നും മന്ത്രിസഭയിലെത്തിയ മൂന്ന് മന്ത്രിമാരുടെ രാജി കാബിനറ്റ് അംഗീകരിച്ചു. നീതിന്യായ മന്ത്രി യഹ്കൂബ് അൽ സാനിഹ്, പാർലിമെന്ററി കാര്യ മന്ത്രി അലി അൽ ഉമൈർ, മുനിസിപ്പാൽ കാര്യ മന്ത്രി ഈസ അൽ കന്ദരി എന്നിവരാണ് രാജി വെച്ചത്. മൂവരും തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News