കുവൈത്തിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂളില്‍ 'കുട്ടി' ടീച്ചര്‍മാര്‍
വിദ്യാര്‍ഥികളില്‍ ടീച്ചിംഗ് പാടവം വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായി സെക്കന്ററി, സീനിയര്‍ സെക്കന്ററി ക്ലാസ്സുകളിലാണ് ടീച്ച് മി പദ്ധതി നടപ്പാക്കുന്നത്.
കുവൈത്തിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂളില്‍ ടീച്ച് മി പദ്ധതിക്ക് തുടക്കമായി. വിദ്യാര്‍ഥികളില്‍ ടീച്ചിംഗ് പാടവം വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായി സെക്കന്ററി, സീനിയര്‍ സെക്കന്ററി ക്ലാസ്സുകളിലാണ് ടീച്ച് മി പദ്ധതി നടപ്പാക്കുന്നത്.
കുട്ടികള്‍ പതിവിലും ഉത്സാഹത്തൊടെയാണ് തിങ്കളാഴ്ചത്തെ അവസാന പിരിയഡ് ക്ലാസ്സില്‍ ഇരുന്നത്. കാരണം മറ്റൊന്നല്ല. ക്ലാസ്സെടുക്കുന്നത് തങ്ങളില്‍ ഒരാളാണ്. സഹപാഠിയുടെ നാവിലൂടെ പാഠഭാഗങ്ങള്‍ കേട്ട് പഠിച്ച് അനുസരണയുള്ള വിദ്യാര്‍ഥികള്‍ ആയി അവര്‍ ക്ലാസിലിരുന്നു. കൂട്ടുകാരുടെ സംശയങ്ങള്‍ക്ക് ഉത്തരം നല്‍കിയും ചോദ്യങ്ങള്‍ ചോദിച്ചും ഇരുത്തം വന്ന അധ്യാപകരെ പോലെ കുട്ടി ടീച്ചര്‍മാരും തങ്ങള്‍ക്കു ലഭിച്ച അവസരം നന്നായി ഉപയോഗപ്പെടുത്തി.
സെക്കന്ററി, സീനിയര്‍ സെക്കന്ററി ക്ലാസ്സുകളില്‍ മാസത്തില്‍ ഒരു പിരിയഡ് വിദ്യാര്‍ഥികല്‍ തന്നെ അധ്യാപകരാകുന്ന പദ്ധതിയാണ് ടീച് മി. പഠനത്തോടൊപ്പം കുട്ടികളുടെ വ്യക്തിത്വ വികസനം കൂടി സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐസിഎസ്കെ സീനിയര്‍ ബ്രാഞ്ചില്‍ ടീച്ച് മി പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. അധ്യയനത്തില്‍ മാത്രമല്ല അധ്യാപനത്തിലും തങ്ങള്‍ ഒട്ടും പിറകിലല്ല എന്ന ആത്മവിശ്വാസമാണ് ആദ്യദിനം ക്ലാസ്സെടുത്ത വിദ്യാര്‍ഥികള്‍ പങ്കുവെച്ചത്.