മദായിന്‍ സാലിഹ് അടച്ചിടാന്‍ തീരുമാനിച്ചു
അല്‍ഉലാ റോയല്‍ അതോറിറ്റിയാണ് പുരാവസ്തു പര്യവേഷണത്തിന് വേണ്ടി മദായിന്‍ സാലിഹും പ്രദേശത്തെ ഏതാനും ചരിത്ര സ്ഥലങ്ങളും അടക്കാന്‍ തീരുമാനിച്ചത്
സൗദിയുടെ വടക്കന്‍ മേഖലയിലുള്ള ചരിത്രപ്രധാന നഗരമായ മദായിന്‍ സാലിഹ് അടച്ചിടാന്‍ തീരുമാനിച്ചു. അല്‍ഉലാ റോയല്‍ അതോറിറ്റിയാണ് പുരാവസ്തു പര്യവേഷണത്തിന് വേണ്ടി മദായിന്‍ സാലിഹും പ്രദേശത്തെ ഏതാനും ചരിത്ര സ്ഥലങ്ങളും അടക്കാന്‍ തീരുമാനിച്ചത്. ദൗത്യം പൂര്‍ത്തീകരിച്ച് 2020ല്‍ മദായിന്‍ സാലിഹ് സന്ദര്‍ശകര്‍ക്കായി തുറക്കുമെന്നും അതോറിറ്റി തീരുമാനിച്ചു.
സൗദിയിലെ യുനസ്കോ അംഗീകാരമുള്ള ഏക ചരിത്രപ്രദേശമാണ് മദാനയിന്‍ സാലിഹ്. യുനസ്കോ അംഗീകാരം ലഭിച്ച ശേഷം ഇവിടേക്ക് വിദേശ ടൂറിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ളവരുടെ സന്ദര്‍ശനം വര്‍ധിച്ചിരുന്നു. പ്രവാചകന്‍ സാലിഹിന്റെയും ഥമൂദ് വര്‍ഗക്കാരുടെ വാസസ്ഥലം എന്ന നിലക്കാണ് പ്രദേശം പ്രസിദ്ധമായത്. കൂടാതെ നബിതികളുടെ അവശിഷ്ടങ്ങളും ഇവിടെ ധാരാളമായുണ്ട്. പാറ തുരന്നുണ്ടാക്കിയ ഭവനങ്ങളും കുഴിമാടങ്ങളും ഇപ്പോഴും ഇവിടെ കാണികളെ ആകര്‍ഷിക്കുന്ന ഘടകമാണ്. പുരാതന ഹിജാസ് റയില്‍വെയുടെ അല്‍ഹിജ്ര്‍ സ്റ്റേഷന്റെ അവശിഷ്ടങ്ങളും മദായിന്‍ സാലിഹ് ചരിത്ര നഗരിയുടെ ഭാഗമാണ്. മദായിന് പുറമെ അല്‍ഖരീബ, ഇക്മ പര്‍വതം എന്നീ പുരാതന പ്രദേശങ്ങളും അടച്ചിടാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് അല്‍ഉലാ റോയല്‍ അതോറിറ്റി വ്യക്തമാക്കി. വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന പുരാവസ്തു ഖനനവും പര്യവേഷണവും വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശിച്ചാണ് ചരിത്ര പ്രദേശം അടിച്ചിടുന്നതെന്നും അധികൃതര്‍ വിശദീകരിച്ചു.