സൗദിയിൽ സുരക്ഷാപരിശോധന ശക്തം...; ഒരാഴ്ചക്കിടെ പിടിയിലായത് 20,000ത്തിലധികം നിയമലംഘകർ
11,656 പേരെ ഇതിനോടകം നാടുകടത്തി
റിയാദ്: സൗദി അറേബ്യയിൽ ഇഖാമ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചവരെ കണ്ടെത്താനായി നടത്തിയ രാജ്യവ്യാപക പരിശോധനയിൽ ഒരാഴ്ചയ്ക്കിടെ 20,237 പേർ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവരിൽ 12,687 ഇഖാമ നിയമലംഘകർ, 4,318 അതിർത്തി സുരക്ഷാ നിയമലംഘകർ, 3,232 തൊഴിൽ നിയമലംഘകർ എന്നിങ്ങനെയാണ് പിടിയിലായത്. നിലവിൽ 21,926 പുരുഷന്മാരും 1,881 സ്ത്രീകളും അടങ്ങുന്ന 23,807 പേർ നിയമനടപടികൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഇതിൽ 16,805 പേരെ യാത്രാ രേഖകൾ ശരിയാക്കുന്നതിനായി അതത് രാജ്യങ്ങളുടെ എംബസികളിലേക്ക് കൈമാറി. കൂടാതെ 11,656 പേരെ ഇതിനോടകം തന്നെ നാടുകടത്തിയിട്ടുമുണ്ട്.
രാജ്യത്തേക്ക് അതിർത്തി വഴി അനധികൃതമായി കടക്കാൻ ശ്രമിച്ച 1,555 പേരെ പിടികൂടി. ഇതിൽ 57% എത്യോപ്യക്കാരും, 40% യമനികളും, 3% മറ്റു രാജ്യക്കാരുമാണ്. കൂടാതെ, രാജ്യത്തിന് പുറത്തേക്ക് കടക്കാൻ ശ്രമിച്ച 61പേരും പിടിയിലായിട്ടുണ്ട്. നിയമലംഘകർക്ക് താമസം, ജോലി, യാത്രാ സൗകര്യം എന്നിവ നൽകി സഹായിച്ച 32 പേരെയും അധികൃതർ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവരെ സഹായിക്കുന്നവർക്ക് 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്ന് മന്ത്രാലയം ഓർമിപ്പിച്ചു. മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ നിയമലംഘനങ്ങളെക്കുറിച്ച് വിവരങ്ങൾ ലഭിക്കുന്നവർ 911 എന്ന നമ്പറിലും, മറ്റു പ്രദേശങ്ങളിൽ 999 അല്ലെങ്കിൽ 996 എന്നീ നമ്പറുകളിലും അറിയിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.