അൽ ഹറമൈൻ റെയിൽവേ പദ്ധതി പൊതുജനങ്ങൾക്ക് സൗജന്യ യാത്രക്ക് അവസരമൊരുക്കുന്നു
പദ്ധതിയെ സംബന്ധിച്ചുള്ള ജനങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും അറിയേണ്ടതിനാണിത്
സൗദിയിൽ ആരംഭിക്കുന്ന അൽ ഹറമൈൻ റെയിൽവേ പദ്ധതി ട്രെയിൻ പരീക്ഷണ ഓട്ടത്തിൽ പൊതുജനങ്ങൾക്ക് സൗജന്യ യാത്രക്ക് അവസരമൊരുക്കുന്നു. പദ്ധതിയെ സംബന്ധിച്ചുള്ള ജനങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും അറിയേണ്ടതിനാണിത്. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം സെപ്റ്റംബറിൽ നടക്കും.
അൽഹറമൈൻ റെയിൽവേ പദ്ധതി ഓഫീസാണ് ഇക്കാര്യം വ്യക്തമാക്കിയത്. പദ്ധതി ഉത്‌ഘാടനത്തോടനുബന്ധിച്ചാണ് ഇത്തരമൊരു സൗകര്യം. പരീക്ഷണ ഓട്ടണത്തിൽ യാത്ര ആഗ്രഹിക്കുന്നവർ മക്കയിലും മദീനയിലുമുള്ള അംഗീകൃത ഓഫീസ് വഴി സൗജന്യടിക്കറ്റ് ബുക്ക് ചെയ്യണം. നിലവിൽ സ്വദേശികൾക്കു മാത്രമാണ് ഈ സൗകര്യം. അൽഹറമൈൻ റെയിൽവേ പദ്ധതി സംബന്ധിച്ച് ജനങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും അറിയേണ്ടത് ആവശ്യമാണെന്നും അതിനാണ് സൗജന്യ യാത്ര ഒരുക്കുന്നതെന്നും പൊതുഗതാഗത വകുപ്പ് മേധാവി ഡോ. റുമൈഹ് ബിൻ മുഹമ്മദ് അൽറുമൈഹ് പറഞ്ഞു. സർവീസ് ആരംഭിക്കുന്നതുവരെ വാരാന്ത്യ ദിവസങ്ങളിൽ സൗജന്യ സർവീസ് നടത്താൻ പദ്ധതി പ്രവർത്തിപ്പിക്കുന്ന കമ്പനിയുമായി ധാരണയായിട്ടുണ്ട്. ഔദ്യോഗിക സർവീസ് സെപ്റ്റംബറിൽ ആരംഭിക്കാനാണ് ഉദ്ദേശ്യം. ആദ്യ സൗജന്യ സർവീസ് ജൂൺ ഒന്നിന് മദീനയിൽ നിന്ന് മക്കയിലേക്കായിരിക്കുമെന്നും പൊതുഗതാഗത അതോറിറ്റി മേധാവി പറഞ്ഞു.