ഉംറ സീസണ്‍ അവസാനത്തിലേക്കെത്തി; വെള്ളിയാഴ്ച അവസാന വിസകള്‍ നല്‍കും
ഈ വര്‍ഷം ഇതിനകം 70 ലക്ഷം പേര്‍ ഉംറ നിര്‍വ്വഹിച്ചു കഴിഞ്ഞു
ഹജ്ജിന് മുന്നോടിയായി ഈ വർഷത്തെ വിദേശികള്‍ക്കുള്ള ഉംറ സീസണ്‍ അവസാനത്തിലേക്കെത്തി. വ്യാഴാഴ്ച വരെ മാത്രമേ വിദേശ തീര്‍ഥാടകര്‍ക്ക് ഉംറക്കായി അപേക്ഷിക്കാനാകൂ. ഉംറ വിസകള്‍ അനുവദിക്കുന്ന അവസാന ദിനം വെള്ളിയാഴ്ചയാണെന്ന് സൌദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഈ വര്‍ഷം ഇതിനകം 70 ലക്ഷം പേര്‍ ഉംറ നിര്‍വ്വഹിച്ചു കഴിഞ്ഞു.
വിഷൻ 2030 പദ്ധതിയിൽ ഉൾപ്പെടുത്തി ഹജ്ജ്, ഉംറ മന്ത്രാലയം നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ഉംറ വിസ സീസൺ ദീർഘിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുഹറം ഒന്നു മുതൽ ശവ്വാൽ അവസാനം വരെയാണ് ഇപ്പോൾ ഉംറ സീസൺ. ഹജ്ജിന് മുന്നോടിയായാണ് ഉംറ സീസണ്‍ അവസാനിക്കുന്നത്. വിദേശങ്ങളിലെ സൗദി എംബസികളിലും കോൺസുലേറ്റുകളിലും ഉംറ വിസക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്ന അവസാന ദിവസം നാളെയാണ്. മറ്റന്നാൾ ഓഫീസ് സമയം അവസാനിക്കുന്നതു വരെ വിസകൾ അനുവദിക്കും. ഈ വിസ ലഭിക്കുന്നവരക്ക് ശവ്വാൽ 29 വരെ സൗദിയിലേക്ക് പ്രവേശനം നൽകും. വിദേശങ്ങളിൽ നിന്ന് 70 ലക്ഷത്തോളം ഉംറ തീർഥാടകർ ഈ വർഷം ഇതുവരെ പുണ്യഭൂമിയിൽ എത്തി. 3500 ലേറെ വിദേശ ഏജൻസികളും ഓപറേറ്റർമാരും വഴിയാണ് തീര്‍ഥാടകരുടെ യാത്ര.
തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഹജ്ജ്, ഉംറ മന്ത്രാലയത്തിനു കീഴിലെ ഫീൽഡ് സംഘങ്ങളും സർവീസ് സെന്ററുകളും ഇരുപത്തിനാലു മണിക്കൂറും നിരീക്ഷിക്കുന്നുണ്ട്. ഉംറ വിസ കാലാവധി അവസാനിക്കുന്നതിനു മുമ്പായി തീർഥാടകരെ സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുന്നതും നിരീക്ഷിക്കുന്നുണ്ട് മന്ത്രാലയം.