വറ്റാത്ത ഉറവയായി ഇന്നും ലോകത്തെ വിസ്മയിപ്പിച്ച് സംസം കിണര്‍
വിജനമായ മരുഭൂമിയിൽ കുഞ്ഞിനെ കിടത്തി ഹാജറാ ബീവി വെള്ളമന്വേഷിച്ചോടി. കുഞ്ഞിന്റെ കാല്‍പാദം തട്ടിയ ഭാഗത്ത് നിന്നും വെള്ളം ഉറവ പൊട്ടി. പ്രവാഹമടങ്ങാതായപ്പോള്‍ ഹാജറാ ബീവി പറഞ്ഞു, സംസം അഥവാ അടങ്ങൂ
വറ്റാത്ത ഉറവയായി ഇന്നും ലോകത്തെ വിസ്മയിപ്പിക്കുന്ന കിണറാണ് മക്കയിലെ സംസം. പ്രവാചകന്‍ ഇബ്രാഹീമിന്റെ മകന്‍ ഇസ്മാഈല്‍ കാലിട്ടടിച്ച സ്ഥലത്തുണ്ടായ ഉറവയാണ് സംസം എന്ന് ഇസ്ലാമിക ചരിത്രം പറയുന്നു. ഹജ്ജിനെത്തുന്ന തീര്‍ഥാടകര്‍ സംസം വെള്ളവും ശേഖരിച്ചാണ് മടങ്ങാറ്.
മത പ്രബോധനത്തിനായി ഇബ്രാഹിം നബി ദൈവനിര്‍ദേശപ്രകാരം ഭാര്യ ഹാജറ ബീവിയേയും മകനായ ഇസ്മാഈലിനേയും മരുഭൂമിയില്‍ ഉപേക്ഷിച്ചു പോകുന്നു. വിജനമായ മരുഭൂമിയിൽ ഒരിറ്റുവെള്ളം ലഭിക്കാതെ ഹാജറാ ബീവി അലഞ്ഞു. കഅ്ബക്കരികിലായി കുഞ്ഞിനെ കിടത്തി ഹാജറാ ബിവി വെള്ളമന്വേഷിച്ചോടി. വെള്ളത്തിനായി കരഞ്ഞ കുഞ്ഞിന്റെ കാല്‍പാദം തട്ടിയ ഭാഗത്ത് നിന്നും വെള്ളം ഉറവ പൊട്ടി. അതിന്റെ പ്രവാഹമടങ്ങാതായപ്പോള്‍ വെള്ളത്തെ നോക്കി ഹാജറാ ബീവി സംസം അഥവാ അടങ്ങൂ എന്ന് പറഞ്ഞു. ഇതായിരുന്നു സംസം കിണറിന്റെ തുടക്കം. സംസം പുണ്യ ജലമാണെന്ന് പ്രവാചക പാഠം.
ഇന്ന് കിണറിന്റെ കഥയിങ്ങിനെ. ചരിത്രത്തില്‍ ഒരിക്കല്‍ പോലും വറ്റാത്ത കിണര്‍. ആഴം മുപ്പത് മീറ്റര്‍. മൂന്നേ കാല്‍ മീറ്റര്‍ താഴ്ചയില്‍ തന്നെ ജലവിതാനം. സെക്കന്റില്‍ 80 ലിറ്റര്‍ ജലം പുറത്തെക്കുന്നു. ഗവേഷണങ്ങള്‍ ഇന്നും പുരോഗമിക്കുന്നു. നേരത്തെ കഅ്ബക്കരികിയില്‍ മുകളില്‍ നിന്നും കാണാം വിധമായിരുന്നു കിണര്‍. ഇന്നത് മതാഫിന് താഴെയാക്കി. ഇവിടേക്ക് പ്രവേശനം സുരക്ഷാ കാരണങ്ങളാല്‍ പരിമിതമാണ്. ഇന്നും ജലവിതാനം ഇതിനകത്ത് കാണാം. ഇബ്രാഹിം നബിയുടേയും കുടുംബത്തിന്റേയും ത്യാഗം സ്മരിക്കുന്ന ഹജ്ജിനൊടുവില്‍ സംസം ശേഖരിച്ചാണ് തീര്‍ഥാടകര്‍ മടങ്ങാറ്.