'മുത്ലയിലും സബാഹ് അൽ അഹ്‌മദിയിലും പരമ്പരാഗത കഫേകൾ സ്ഥാപിക്കണം'; മുനിസിപ്പൽ കൗൺസിലിൽ പുതിയ നിർദേശം
കൗൺസിൽ അംഗങ്ങളായ അബ്ദുള്ള അൽ ഇനീസിയും ഫഹദ് അൽ ഖുനൈനും ചേർന്നാണ് നിർദേശം സമർപ്പിച്ചത്
കുവൈത്ത് സിറ്റി: കുവൈത്തിലെ പുതിയ താമസ കേന്ദ്രങ്ങളായ മുത്ലയിലും സബാഹ് അൽ അഹ്‌മദ് സിറ്റികളിലും പരമ്പരാഗത കഫേകൾക്ക് സ്ഥലം അനുവദിക്കാൻ മുനിസിപ്പൽ കൗൺസിലിൽ പുതിയ നിർദേശം. കൗൺസിൽ അംഗങ്ങളായ അബ്ദുള്ള അൽ ഇനീസിയും ഫഹദ് അൽ ഖുനൈനും ചേർന്ന് നിർദേശം സമർപ്പിച്ചത്. നഗരവൽക്കരണം വർധിക്കുന്ന സാഹചര്യത്തിൽ സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്താനും സാംസ്‌കാരിക തനിമ നിലനിർത്താനും പൈതൃക സ്വഭാവമുള്ള സാമൂഹിക കേന്ദ്രങ്ങൾ ആവശ്യമാണെന്ന് നിർദേശത്തിൽ അവർ ചൂണ്ടിക്കാട്ടി. ലളിതവും പരമ്പരാഗതവുമായ ഈ കഫേകൾ സുഹൃത്തുക്കൾക്കും കുടുംബങ്ങൾക്കും ഒത്തുചേരാനുള്ള ഇടങ്ങളായി വർത്തിക്കുകയും, ചർച്ചാ വേദികൾ, നാടൻ കളികൾ തുടങ്ങിയ സാംസ്‌കാരിക പരിപാടികൾക്ക് വേദിയാവുകയും ചെയ്യുമെന്നും അവർ വ്യക്തമാക്കി. ഈ സംരംഭം സാമൂഹിക കെട്ടുറപ്പ് വർധിപ്പിക്കുന്നതിനോടൊപ്പം ചെറുകിട ഇടത്തരം സംരംഭങ്ങളെ പിന്തുണയ്ക്കുകയും ചെയ്യും. ഭവനക്ഷേമ അതോറിറ്റിയുമായും സാമൂഹിക കാര്യ മന്ത്രാലയവുമായും ഏകോപിപ്പിച്ചായിരിക്കും പദ്ധതി നടപ്പാക്കുക.