സാൽമിയയിൽ മിന്നൽ റെയ്ഡ്; രണ്ടായിരത്തോളം വ്യാജ ഉൽപന്നങ്ങൾ പിടികൂടി വാണിജ്യ മന്ത്രാലയം
വാണിജ്യ ചട്ടങ്ങൾ ലംഘിച്ച സ്ഥാപനങ്ങൾ ഉടൻ അടച്ചുപൂട്ടാൻ ഉത്തരവിട്ടു
കുവൈത്ത് സിറ്റി: കുവൈത്തിലെ സാൽമിയയിൽ രണ്ടായിരത്തോളം വ്യാജ ഉൽപന്നങ്ങൾ പിടികൂടി വാണിജ്യ വ്യവസായ മന്ത്രാലയം. വാണിജ്യ തട്ടിപ്പുകളെയും വ്യാജ ഉൽപന്നങ്ങളെയും ചെറുക്കുന്നതിനുള്ള ശ്രമഫലമായി, വ്യാജ വസ്തുക്കളുടെ വിൽപ്പന നടത്തിയിരുന്ന ഷോറൂം റെയ്ഡ് നടത്തുന്നതിനിടെയാണ് വ്യാജ ഉൽപന്നങ്ങൾ പിടികൂടിയത്. പ്രശസ്ത അന്താരാഷ്ട്ര ബ്രാൻഡുകളുടെ ട്രേഡ്‌മാർക്കുകൾ അടങ്ങിയ പെർഫ്യൂമുകൾ, ആക്‌സസറീസ്, ബാഗുകൾ, തുകൽ ഉൽപ്പന്നങ്ങൾ എന്നിവയാണ് അധികൃതർ പിടിച്ചെടുത്തത്. നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്.വാണിജ്യ ചട്ടങ്ങൾ ലംഘിച്ച സ്ഥാപനങ്ങൾ ഉടൻ അടച്ചുപൂട്ടാൻ ഉത്തരവിട്ടു.
പരിശോധനാ ക്യാമ്പയ്നുകളുടെ ഫലമായി ലൈസൻസില്ലാത്ത വാഹന അറ്റകുറ്റപ്പണി ഗാരേജുകൾ അടച്ചുപൂട്ടുകയും ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതും കേടുപാടുകൾ സംഭവിച്ചതുമായ മെഡിക്കൽ സാധനങ്ങൾ ഗണ്യമായ അളവിൽ പിടിച്ചെടുക്കുകയും ചെയ്തു. നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും, പ്രാദേശിക വിപണിയുടെ സമഗ്രത കാത്തുസൂക്ഷിക്കുന്നതിനുമായി രാജ്യത്തുടനീളം പരിശോധനാ ശ്രമങ്ങൾ തുടരുമെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.