കുവൈത്തിൽ ചെറിയ പെരുന്നാളിന് പൊതു ആഘോഷങ്ങൾക്കും വിവാഹങ്ങൾക്കും വിലക്ക്
സംഗീത പരിപാടികൾ, നാടകങ്ങൾ, വലിയ ഒത്തുചേരലുകൾ എന്നിവയ്ക്കാണ് നിരോധനം
കുവൈത്ത് സിറ്റി: മേഖലയിൽ നിലനിൽക്കുന്ന യുദ്ധസാഹചര്യവും സുരക്ഷാ വെല്ലുവിളികളും കണക്കിലെടുത്ത് ഈ വർഷത്തെ ചെറിയ പെരുന്നാൾ ആഘോഷങ്ങൾക്ക് കുവൈത്തിൽ കർശന നിയന്ത്രണം. സംഗീത പരിപാടികൾ, നാടകങ്ങൾ, വിവാഹങ്ങൾ, മറ്റു വലിയ ഒത്തുചേരലുകൾ എന്നിവയ്ക്കാണ് ആഭ്യന്തര മന്ത്രാലയം താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയത്. അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ നിയന്ത്രണം തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെയും മേഖലയിലെയും നിലവിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് പൗരന്മാരുടെയും വിദേശികളുടെയും സുരക്ഷ ഉറപ്പാക്കാനാണ് ഈ തീരുമാനമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കും. രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വേണ്ടി എല്ലാവരും അധികൃതരുമായി സഹകരിക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു. റമദാൻ മാർച്ച് 19 വ്യാഴാഴ്ച അവസാനിക്കുകയാണെങ്കിൽ വ്യാഴം മുതൽ തിങ്കൾ വരെയും, മാർച്ച് 18 ബുധനാഴ്ചയാണ് അവസാനിക്കുന്നതെങ്കിൽ വ്യാഴം മുതൽ ഞായർ വരെയുമായിരിക്കും ഗവൺമെന്റ് സ്ഥാപനങ്ങൾക്ക് പെരുന്നാൾ അവധി ലഭിക്കുകയെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.