കുവൈത്ത് മൻഗഫിലെ ജനവാസ മേഖലയിൽ ഡ്രോൺ ആക്രമണം; രണ്ട് പേർക്ക് പരിക്ക്
കെട്ടിടത്തിലെ തീപിടിത്തം അഗ്നിശമനസേന ഉടൻ നിയന്ത്രണവിധേയമാക്കി
കുവൈത്ത് സിറ്റി: കുവൈത്തിലെ മൻഗഫ് പ്രദേശത്തെ ജനവാസ മേഖലയിൽ ഇന്ന് പുലർച്ചെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്. ഡ്രോൺ താമസ കെട്ടിടത്തിൽ പതിച്ചതിനെത്തുടർന്ന് കെട്ടിടത്തിന് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഇവർക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. അതേസമയം രാജ്യത്തിന്റെ വടക്കൻ വ്യോമാതിർത്തി വഴി കടന്നുകയറാൻ ശ്രമിച്ച നിരവധി ഡ്രോണുകളെ കുവൈത്ത് വ്യോമ പ്രതിരോധ സേന വിജയകരമായി തകർത്തു.
രാജ്യത്തിന്റെ വ്യോമാതിർത്തി സംരക്ഷിക്കുന്നതിൽ വ്യോമസേന അതീവ ജാഗ്രതയിലാണെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് കേണൽ സൗദ് അബ്ദുൽ അസീസ് അൽ ഒതൈബി അറിയിച്ചു. വടക്കൻ മേഖലയിൽ എത്തിയ ഡ്രോണുകളെ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് തന്നെ തകർക്കാൻ സാധിച്ചുവെങ്കിലും, തെക്കൻ മേഖലയിലുണ്ടായ സംഭവം അധികൃതർ ഗൗരവത്തോടെയാണ് കാണുന്നത്. ഈ ഡ്രോണുകൾ എവിടെ നിന്നാണ് വന്നതെന്ന കാര്യത്തിൽ മന്ത്രാലയം ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. നിലവിലെ സാഹചര്യം സുരക്ഷാ ഏജൻസികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.
അതേസമയം ഡ്രോൺ ആക്രമണത്തെത്തുടർന്ന് രാജ്യത്തെ ആറ് വൈദ്യുതി ലൈനുകൾ താൽക്കാലികമായി പ്രവർത്തനരഹിതമായി. ഡ്രോണുകളുടെ അവശിഷ്ടങ്ങൾ വീണതാണ് ചില പ്രദേശങ്ങളിൽ വൈദ്യുതി തടസ്സം നേരിടാൻ കാരണമായത്. തുടർന്ന് സുരക്ഷാ ഏജൻസികളുമായി ഏകോപിപ്പിച്ച് അടിയന്തര സേനാ വിഭാഗം ഉടൻ ഇടപെടുകയും അറ്റകുറ്റപ്പണികൾ വേഗത്തിൽ പൂർത്തിയാക്കി വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുകയും ചെയ്തു. നിലവിൽ രാജ്യത്തെ വൈദ്യുതി, ജല വിതരണ സംവിധാനങ്ങൾ പൂർണമായും സാധാരണ നിലയിലാണെന്ന് ബന്ധപ്പെട്ട മന്ത്രാലയം സ്ഥിരീകരിച്ചു.