കുവൈത്ത് വിമാനത്താവളം ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണ ശ്രമം

ഇന്ന് പുലർച്ചെയുണ്ടായ സംഭവത്തിൽ ആർക്കും പരിക്കില്ല

Update: 2026-03-12 09:09 GMT

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണ ശ്രമം ഉണ്ടായതായി സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ അറിയിച്ചു. ഇന്ന് രാവിലെയാണ് ആക്രമണ ശ്രമം ഉണ്ടായത്. സംഭവത്തിൽ നാശനഷ്ടങ്ങൾ ഉണ്ടായെങ്കിലും ആളപായമില്ലെന്ന് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ അബ്ദുള്ള അൽ റാജ്ഹി അറിയിച്ചു. ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിപ്പിച്ച് സ്ഥിതിഗതികൾ കൈകാര്യം ചെയ്തതായി അദ്ദേഹം പറഞ്ഞു. രാജ്യത്ത് സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും തുടരുകയാണെന്ന് അൽ റാജ്ഹി കൂട്ടിച്ചേർത്തു.

അതേസമയം, കുവൈത്തിലെ മൻഗഫ് പ്രദേശത്തെ ജനവാസ മേഖലയിൽ ഇന്നുണ്ടായ ഡ്രോൺ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ഡ്രോൺ താമസ കെട്ടിടത്തിൽ പതിച്ചതിനെത്തുടർന്ന് കെട്ടിടത്തിന് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജ്യത്തിന്റെ വടക്കൻ വ്യോമാതിർത്തി വഴി കടന്നുകയറാൻ ശ്രമിച്ച നിരവധി ഡ്രോണുകളെ കുവൈത്ത് വ്യോമ പ്രതിരോധ സേന വിജയകരമായി തകർത്തെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് കേണൽ സൗദ് അബ്ദുൽ അസീസ് അൽ ഒതൈബി അറിയിച്ചു.

Advertising
Advertising

ഡ്രോൺ ആക്രമണത്തെത്തുടർന്ന് രാജ്യത്തെ ആറ് വൈദ്യുതി ലൈനുകൾ താൽക്കാലികമായി പ്രവർത്തനരഹിതമായിരുന്നു. ഡ്രോണുകളുടെ അവശിഷ്ടങ്ങൾ വീണതാണ് ചില പ്രദേശങ്ങളിൽ വൈദ്യുതി തടസ്സം നേരിടാൻ കാരണമായത്. തുടർന്ന് അടിയന്തര സേനാ വിഭാഗം ഉടൻ ഇടപെടുകയും അറ്റകുറ്റപ്പണികൾ വേഗത്തിൽ പൂർത്തിയാക്കി വിതരണം പുനഃസ്ഥാപിക്കുകയും ചെയ്തു. നിലവിൽ രാജ്യത്തെ വൈദ്യുതി, ജല വിതരണ സംവിധാനങ്ങൾ പൂർണമായും സാധാരണ നിലയിലാണെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു. സുരക്ഷാ ഏജൻസികൾ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കി.

Tags:    

Writer - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

Editor - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

By - Web Desk

contributor

Similar News