കുവൈത്തിൽ ഒഴിഞ്ഞുകിടക്കുന്നത് ഒരു ലക്ഷത്തോളം ഫ്ലാറ്റുകളും കടകളും
കണക്കുകൾ പുറത്തുവിട്ട് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ
കുവൈത്ത് സിറ്റി: കുവൈത്തിലുടനീളം ഒരു ലക്ഷത്തിലേറെ കടകളും ഫ്ലാറ്റുകളും ഒഴിഞ്ഞുകിടക്കുന്നതായി റിപ്പോർട്ടുകൾ. 2025 അവസാനം വരെ 55,300 റെസിഡൻഷ്യൽ അപ്പാർട്ടുമെന്റുകളും 37,902 കടകളും ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലുള്ള യൂണിറ്റുകളാണ് ഒഴിവായിക്കിടക്കുന്നതായി രേഖപ്പെടുത്തിയിരിക്കുന്നതെന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പാസി) വ്യക്തമാക്കി. നിർമാണത്തിലിരിക്കുന്ന 775 പ്രോപ്പർട്ടികളും കണക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ മൊത്തം റിയൽ എസ്റ്റേറ്റ് സ്റ്റോക്ക് 8,04,200 യൂണിറ്റുകളാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഗവർണറേറ്റുകളിൽ ഏറ്റവും കൂടുതൽ റിയൽ എസ്റ്റേറ്റ് യൂണിറ്റുകൾ അഹ്മദിയിലാണ്. തുടർന്ന് ജഹ്‌റയും ഫർവാനിയയും പട്ടികയിൽ മുൻ നിരയിലുണ്ട്.
വീടുകളുടെ എണ്ണത്തിലും 35,500 യൂണിറ്റുകളുമായി അഹ്മദിയാണ് ഒന്നാം സ്ഥാനത്ത്. പാസിയുടെ ഓട്ടോമേറ്റഡ് നമ്പർ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ കണക്കുകൾ. അടിസ്ഥാന സൗകര്യ കണക്കുകൾ പ്രകാരം കുവൈത്തിൽ 102 ഹോട്ടലുകൾ, 1,144 സ്കൂളുകൾ, 103 ആശുപത്രികൾ, 114 ക്ലിനിക്കുകൾ എന്നിവ പ്രവർത്തിക്കുന്നുണ്ട്. 28 കോളേജുകളും 22 വിദ്യാഭ്യാസ സ്ഥാപനങ്ങളും രാജ്യത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ 1,594 പള്ളികൾ, 100 ക്ലബ്ബുകൾ, 177 പാർക്കുകൾ, 374 സഹകരണ സംഘങ്ങളും ഡാറ്റയിൽ ഉൾപ്പെടുന്നു. 1,411 ഗവൺമെന്റ് കെട്ടിടങ്ങളും 5,073 വാണിജ്യ കെട്ടിടങ്ങളും കുവൈത്തിലുണ്ടെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. അതേസമയം 1,208 ഫാക്ടറികൾ, 6,951 ഫാമുകൾ, 8,256 കന്നുകാലി തൊഴുത്തുകൾ, 1,018 കുതിരലായങ്ങളും റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്.