മരിച്ച സുഹൃത്തിന്റെ മൃതദേഹം വീൽചെയറിൽ ആശുപത്രിയിലെത്തിച്ച് മുങ്ങി: കുവൈത്തിൽ രണ്ട് ഇന്ത്യക്കാർ അറസ്റ്റിൽ
പിടിയിലായത് മുബാറക് ആശുപത്രിയിൽ നിന്ന് ഓടിരക്ഷപ്പെട്ടവർ
Update: 2026-01-17 12:13 GMT
കുവൈത്ത് സിറ്റി: കുവൈത്തിൽ മരിച്ച സുഹൃത്തിന്റെ മൃതദേഹം ആശുപത്രിയിലെത്തിച്ച് മുങ്ങിയ രണ്ട് ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. സുഹൃത്തിന്റെ മൃതദേഹം വീൽചെയറിൽ മുബാറക് ആശുപത്രിയിലെത്തിച്ച് ജീവനക്കാരന് കൈമാറിയ ശേഷം ഓടിരക്ഷപ്പെട്ടവരാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം പ്രതികളെ പിടികൂടുകയായിരുന്നു.
ഫോറൻസിക് പരിശോധനയിൽ മരണം സ്വാഭാവികമാണെന്ന് സ്ഥിരീകരിച്ചു. വിസ കാലാവധി കഴിഞ്ഞതിനാൽ നിയമനടപടി ഭയന്നാണ് ഇത്തരത്തിൽ ചെയ്തത് എന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. പ്രതികൾ കസ്റ്റഡിയിൽ തുടരുകയാണെന്നും നിയമ നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.