സൗദിയിലെ ട്രാഫിക് പിഴ ഇനി വേഗത്തിനനുസരിച്ച്; പുതുക്കിയ നിരക്കിങ്ങനെ...
ഇനി മുതല്‍ വേഗത അധികമാകുന്നതിന് അനുസരിച്ച് പിഴയും അധികമാകും.
അമിത വേഗത്തിൽ വാഹനമോടിക്കുന്നവർക്കുള്ള കുറഞ്ഞ പിഴകളും കൂടിയ പിഴകളും വ്യക്തമാക്കുന്ന പട്ടിക സൗദി ട്രാഫിക് ഡയറക്ടറേറ്റ് പുറത്തിറക്കി. അതിവേഗത്തില്‍ വാഹനമോടിക്കുന്നവര്‍ക്ക് വേഗതയുടെ തോതിന് അനുസരിച്ചാണ് പിഴ.
രണ്ട് തരത്തിലാണ് പ്രധാനമായും അമിത വേഗതക്ക് നിലവിലുള്ള ട്രാഫിക് പിഴ. 120 കി.മീ വേഗത അനുവദിച്ച റോഡുകളില്‍ ഇതിനേക്കാള്‍ വേഗത്തില്‍ പോയാല്‍ 150 റിയാലാണ് പിഴ. 140 കി.മീ വേഗത അനുവദിച്ച റോഡുകളില്‍ ഇതിനേക്കാള്‍ വേഗത്തിലോടിച്ചാല്‍ 300 റിയാലും പിഴയടക്കണം. എന്നാല്‍ പുതുക്കിയ പട്ടിക പ്രകാരം അമിത വേഗതക്ക് പിഴയൊടുക്കി നടുവൊടിയും. അതായത്, ഇനി മുതല്‍ വേഗത അധികമാകുന്നതിന് അനുസരിച്ച് പിഴയും അധികമാകും.
120 കിമീ അനുവദിച്ച റോഡുകളില്‍ ഈ വേഗപരിധി മറികടന്നാല്‍ 150 മുതല്‍ 2000 റിയാല്‍ വരെ പിഴ വരും. സമാനമാണ് 140 കി.മീ അനുവദിച്ച റോഡിലേയും പരമാവധി വേഗതക്കുള്ള തുക. പിഴ ചുമത്തി ഒരു മാസത്തിനകം അടയ്ക്കുന്നവർ കുറഞ്ഞ പിഴ ഒടുക്കിയാൽ മതിയാകും. എന്നാൽ ഒരു മാസത്തിനകം അടയ്ക്കാത്തവർക്കുള്ള പിഴ ഓട്ടോമാറ്റിക് ആയി ഉയർന്ന തുകയായി മാറും.
അമിത വേഗതക്ക് പുതുക്കിയ ട്രാഫിക് പിഴകള്‍ താഴെ പ്രകാരമാണ്.
1. വേഗ പരിധി മണിക്കൂറില്‍ 120 കി.മീ അനുവദിച്ച റോഡുകളില്‍ നിശ്ചിത വേഗ പരിധിയേക്കാള്‍ വേഗത്തില്‍ കാറോടിച്ചാലുള്ള പിഴ റിയാല്‍ കണക്കില്‍..
മണിക്കൂറില്‍ 120-140 കി.മീ: പിഴ 150 മുതല്‍ 300 വരെ
മണിക്കൂറില്‍ 140-170 കി.മീ: പിഴ 300 മുതല്‍ 500 വരെ
മണിക്കൂറില്‍ 170-200 കി.മീ: പിഴ 800 മുതല്‍ 1000 വരെ
മണിക്കൂരില്‍ 200-250 കി.മീ: പിഴ 1500 മുതല്‍ 2000 വരെ
2. വേഗ പരിധി മണിക്കൂറില്‍ 140 കി.മീ അനുവദിച്ച റോഡുകളില്‍ നിശ്ചിത വേഗ പരിധിയേക്കാള്‍ വേഗത്തില്‍ കാറോടിച്ചാലുള്ള പിഴ റിയാല്‍ കണക്കില്‍..
മണിക്കൂറില്‍ 145-155 കി.മീ: പിഴ 300 മുതല്‍ 500 വരെ
മണിക്കൂറില്‍ 155-170 കി.മീ: പിഴ 800 മുതല്‍ 1000 വരെ
മണിക്കൂറില്‍ 170-250 കി.മീ: പിഴ 1000 മുതല്‍ 2000 വരെ