ചൊവ്വാഴ്ച മുതൽ ഖത്തറിൽ ശീതതരംഗം
രാത്രികാലങ്ങളിൽ തണുപ്പു കൂടും
Update: 2025-12-27 17:02 GMT
ദോഹ: ചൊവ്വാഴ്ച മുതൽ രാജ്യത്ത് ശീതതരംഗമുണ്ടാകുമെന്ന് ഖത്തർ കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ശീതക്കാറ്റിനും സാധ്യതയുണ്ട്. രാജ്യത്ത് താപനില കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് ശീതതരംഗത്തെ കുറിച്ചുള്ള കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. രാത്രികാലങ്ങളിൽ തണുപ്പു കൂടും. അടുത്തയാഴ്ച ഉടനീളം ഇതേ കാലാവസ്ഥ തുടരുമെന്നും അധികൃതർ അറിയിച്ചു.
അൽ ഖോറിലും മിസൈഈദിലും റിപ്പോർട്ട് ചെയ്ത 12 ഡിഗ്രി സെൽഷ്യസാണ് ശനിയാഴ്ചയിലെ ഏറ്റവും കുറഞ്ഞ താപനില. 25 ഡിഗ്രി സെൽഷ്യസാണ് കൂടിയ താപനില. അൽ ഷഹാനിയയിലെ ജുമൈലിയയിലാണ് രാജ്യത്ത് കൂടുതൽ ചൂട് അനുഭവപ്പെട്ടത്. വൈകിട്ട് ദൂരക്കാഴ്ച കുറയുന്ന സാഹചര്യത്തിൽ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.