നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നു; ബഹ്‌റൈൻ-ഖത്തർ കോസ്‌വേ പദ്ധതി ഉടൻ യാഥാർഥ്യമാകും
യാത്രാസമയം 5 മണിക്കൂറിൽ നിന്ന് 30 മിനിറ്റായി കുറയും
മനാമ ബഹ്‌റൈനെയും ഖത്തറിനെയും തമ്മിൽ കരമാർഗം ബന്ധിപ്പിക്കുന്ന പാലം ഉടൻ യാഥാർത്യമാകും. പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും പദ്ധതിയുമായി മുന്നോട്ടുപോകാനും തീരുമാനിച്ചതായി അധികൃതർ വ്യക്തമാക്കി. കൃത്യം ആറ് മാസങ്ങൾക്ക് മുമ്പ് ഇരു രാജ്യങ്ങളുടേയും ഗതാഗത മന്ത്രിമാർ തമ്മിൽ ഇതുസംബന്ധിച്ച ചർച്ചകൾ നടന്നിരുന്നു. ബഹ്‌റൈൻ-ഖത്തർ അതിവേഗ കോസ്‌വേ, സംയുക്ത സമുദ്ര ലിങ്കേജ് പദ്ധതി എന്നിവയടക്കം അന്നത്തെ കൂടിക്കാഴ്ചയിൽ ചർച്ചയായിരുന്നു.
40 കിലോമീറ്റർ നീളത്തിൽ നിർമ്മിക്കുന്ന ഖത്തർ - ബഹ്‌റൈൻ കോസ്‌വേ യാഥാർഥ്യമാകുന്നതോടെ കരമാർഗം ഇരുരാജ്യങ്ങൾക്കും ഇടയിലുള്ള യാത്രാസമയം ഗണ്യമായി കുറയും. നിലവിൽ ബഹ്‌റൈനിൽ നിന്ന് ഖത്തറിലേക്ക് കരമാർഗം സഞ്ചരിക്കണമെങ്കിൽ സൗദി വഴി അഞ്ച് മണിക്കൂർ എങ്കിലും സമയം എടുക്കും. എന്നാൽ പാലം വരുന്നതോടെ ഇത് 30 മിനിറ്റായി കുറയും. കൂടാതെ എയർ കാർഗോയേക്കാൾ കുറഞ്ഞ ചിലവിൽ ചരക്ക് നീക്കം സാധ്യമാകുമെന്നതും നേട്ടമാണ്. പാലം വരുന്നതോടെ പ്രതിദിനം 50,000 ടൺ ചരക്ക് നീക്കം ട്രക്കുകൾ വഴി നടത്താൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
ബഹ്‌റൈനെയും ഖത്തറിനെയും തമ്മിൽ കടൽമാർഗം ബന്ധിപ്പിക്കുന്ന ഫെറി സർവീസ് ഈ വർഷം നവബറിൽ ആരംഭിച്ചിരുന്നു. യാത്രക്കാരിൽ നിന്ന് മികച്ച പ്രതികരണമാണ് ഫെറി സർവീസിന് ലഭിച്ചത്. എന്നാൽ കാലാവസ്ഥ പ്രതികൂലമാകുന്ന ഘട്ടത്തിൽ സർവീസ് മുടങ്ങുന്ന സാഹചര്യമുണ്ടാകുന്നു എന്നത് ഒരു പോരായ്മയായി തുടരുകയാണ്. ബഹ്‌റൈൻ-ഖത്തർ കോസ്‌വേ യാഥാർഥ്യമാകുന്നതോടെ ഫെറി സർവീസിന് പുറമേ മറ്റൊരു യാത്രാ ഓപ്ഷൻ കൂടിയാകും ആളുകൾക്ക് ലഭിക്കുക.