സോമാലിലാൻഡിനെ അംഗീകരിച്ച ഇസ്രായേൽ നടപടി തള്ളി ഖത്തർ
ദോഹ: സോമാലിലാൻഡിന് അംഗീകാരം നൽകിയ ഇസ്രായേൽ നടപടിയെ രൂക്ഷമായി വിമർശിച്ച് ഖത്തർ. തീരുമാനം സൊമാലിയയുടെ അഖണ്ഡതയ്‌ക്കെതിരെയുള്ള കടന്നു കയറ്റമാണെന്ന് ഖത്തർ വിദേശകാര്യമന്ത്രാലയം കുറ്റപ്പെടുത്തി. ഖത്തർ അമീറും തീരുമാനത്തെ അപലപിച്ചു
ഇസ്രായേൽ ഭരണകൂടവും സൊമാലിലാൻഡും പരസ്പരം അംഗീകരിച്ച സംയുക്ത പ്രഖ്യാപനത്തിലാണ് ഖത്തർ വിദേശകാര്യമന്ത്രാലയം നിലപാട് വ്യക്തമാക്കിയത്. പ്രഖ്യാപനം അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമാണ്. ഇത് സൊമാലിയൻ റിപ്പബ്ലിക്കിന്റെ പരമാധികാരത്തെയും ഐക്യത്തെയും ദുർബലപ്പെടുത്തും. ആഫ്രിക്കൻ രാഷ്ട്രത്തിന്റെ അഖണ്ഡത തകർക്കാനുള്ള എല്ലാ ശ്രമങ്ങളെയും നിരാകരിക്കുന്നു. ആ രാജ്യത്തിന്റെ താത്പര്യവും ജനങ്ങളുടെ സുരക്ഷയും സംരക്ഷിക്കാൻ ഖത്തർ പ്രതിജ്ഞാബദ്ധമാണെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
സ്വതന്ത്ര രാഷ്ട്രമെന്ന നിലയിൽ ഫലസ്തീനെ അംഗീകരിക്കുകയായിരുന്നു ഈ സാഹചര്യത്തിൽ ഇസ്രായേൽ ചെയ്യേണ്ടിയിരുന്നത്. അവരുടെ അവകാശത്തിന് അന്താരാഷ്ട്ര സമൂഹത്തിന്റെ അംഗീകാരമുണ്ട്. ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള സുസ്ഥിരമായ നടപടിയും ഇസ്രായേൽ കൈക്കൊള്ളണം. മേഖലയിൽ അസ്ഥിരതയുണ്ടാക്കുന്ന നടപടികൾ സ്വീകരിക്കുകയല്ല വേണ്ടത് - ഖത്തർ കുറ്റപ്പെടുത്തി.
സൊമാലിയയ്ക്ക് എല്ലാ പിന്തുണയും നൽകുന്നതായി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി വ്യക്തമാക്കി. സൊമാലിയൻ പ്രസിഡണ്ട് ഹസൻ ശൈഖ് മഹ്‌മൂദുമായി നടത്തിയ ഫോൺ സംഭാഷണത്തിനിടെയാണ് അമീർ ഖത്തറിന്റെ പിന്തുണ അറിയിച്ചത്.
വെള്ളിയാഴ്ചയാണ് ഇസ്രായേൽ, സൊമാലിലാൻഡിനെ അംഗീകരിച്ചത്. 1991ൽ സൊമാലിയയിൽ നിന്ന് ഏകപക്ഷീയമായി സ്വാതന്ത്ര്യം പ്രഖ്യാപിച്ച ശേഷം സൊമാലിലാൻഡിനെ അംഗീകരിക്കുന്ന ആദ്യ രാഷ്ട്രമാണ് ഇസ്രായേൽ.