പൌരത്വ ഭേദഗതി പ്രക്ഷോഭം റിപ്പോര്‍ട്ട് ചെയ്തവരെ ബന്ധികളാക്കിയതില്‍ സൌദിയില്‍ മാധ്യമ പ്രവര്‍ത്തകരുടെ പ്രതിഷേധം

റിയാദ് ജിദ്ദ ദമ്മാം മീഡിയ ഫോറങ്ങള്‍ പ്രതിഷേധമറിയിച്ചു

Update: 2019-12-20 15:16 GMT
റിയാദില്‍ മീഡിയ ഫോറം സംഘടിപ്പിച്ച പ്രതിഷേധത്തില്‍ പ്ലക്കാര്‍ഡുകളുയര്‍ത്തിയപ്പോള്‍

പൌരത്വ ഭേദഗതി പ്രക്ഷോഭം റിപ്പോര്‍ട്ട് ചെയ്യാന്‍ മംഗലുരുവില്‍ പോയ മലയാളി മാധ്യമ പ്രവര്‍ത്തകരെ ബന്ധികളാക്കിയ പൊലീസ് നടപടിയില്‍ സൌദിയിലെ ഇന്ത്യന്‍ മീഡിയാ ഫോറങ്ങള്‍ പ്രതിഷേധിച്ചു. മാധ്യമ സ്വാതന്ത്രത്തിനു നേരെയുളള കടന്നുകയറ്റം ഭരണകൂട ഭീകരതയാണ്. ഇത് ജനാധിപത്യത്തിന് അപമാനമാണെന്നും യോഗം അഭിപ്രായപ്പെട്ടു. അടിയന്തിരാവസ്ഥയില്‍ പോലും രാജ്യം കാണാത്ത പൊലീസ് തേര്‍വാഴ്ചയാണ് മാധ്യമ പ്രവര്‍ത്തകര്‍ നേരിട്ടത്. കുറ്റക്കാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണം നടത്തണമെന്നും മീഡിയാ ഫോറം പ്രതിഷേധ പ്രമേയം ആവശ്യപ്പെട്ടു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച മീഡിയാ ഫോറം പ്രവര്‍ത്തകര്‍ പ്ലക്കാര്‍ഡുമായാണ് പ്രേതിഷേധ യോഗത്തില്‍ പങ്കെടുത്തത്.

Advertising
Advertising

നസ്‌റുദ്ദീന്‍ വി ജെ, അഷ്‌റഫ് വേങ്ങാട്ട്, നൗഷാദ് കോര്‍മത്ത്, ഉബൈദ് എടവണ്ണ, ഷക്കീബ് കൊളക്കാടന്‍, അക്ബര്‍ വേങ്ങാട്ട്, ഷംനാദ് കരുനാഗപ്പളളി, ജയന്‍ കൊടുങ്ങല്ലൂര്‍, ജലീല്‍ ആലപ്പുഴ, ഷഫീഖ് കിനാലൂര്‍, നൗഫല്‍ പാലക്കാടന്‍ എന്നിവര്‍ പ്രസംഗിച്ചു.

നടപടിയെ സൌദി ദമ്മാം മീഡിയ ഫോറവും അപലപിച്ചു. ജീവന്‍ പോലും അപകടപ്പെടുത്തി വാര്‍ത്തകള്‍ ശേഖരിക്കേണ്ട സാഹചര്യം രൂപപ്പെട്ടു വരികയാണെന്നും വിയോജിപ്പുകളോട് ജനാധിപത്യപരമായി പ്രതികരിക്കാന്‍ കഴിയുന്ന മാനസികാവസ്ഥയിലേക്ക് അധികാരികൾ മാറേണ്ടതുണ്ടെന്നും ദമ്മാം മീഡിയ ഫോറം പുറത്തിറക്കിയ പ്രസ്ഥാവന വ്യക്തമാക്കി.

സംഭവത്തിൽ ജിദ്ദ ഇന്ത്യൻ മീഡിയ ഫോറവും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇന്ത്യയിലെ ഫാഷിസ്റ്റ്​ ഭരണകൂടം പൗരത്വ വിവേചനനിയമം ജനങ്ങളിൽ അടിച്ചേൽപിക്കാൻ അപ്രഖ്യാപിത അടിയന്തരാവസ്ഥ സൃഷ്ടിച്ച്​ ജനകീയ പ്രക്ഷോഭത്തെ അമർച്ച ചെയ്യുകയാണ്. ഇതിന്റെ മറവിൽ മാധ്യമങ്ങളെയും വേട്ടയാടുന്നു. പൗരാവകാശത്തിന്​വേണ്ടി പോരാട്ടരംഗത്തുള്ള ജനതക്ക് ജിദ്ദ ഇന്ത്യൻ മീഡിയഫോറം ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി പ്രസിഡൻറ്​ പി. ഷംസുദ്ദീൻ, സെക്രട്ടറി കബീർ കൊണ്ടോട്ടി ട്രഷറർ ബിജുരാജ്​ രാമന്തളി എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.

Similar News