ബഹ്‌റൈനിലേക്കുള്ള യാത്ര: പെരുന്നാളിനുശേഷം പുതുക്കിയ മാർഗനിർദേശങ്ങൾ പ്രാബല്യത്തിൽവരും

വാക്‌സിൻ സ്വീകരിച്ചവർക്കും കോവിഡ്മുക്തർക്കും കോവിഡ് ടെസ്റ്റ് നിബന്ധനയിൽ ഇളവ് ലഭിക്കും

Update: 2021-05-08 10:07 GMT
Editor : Shaheer | By : Web Desk
Advertising

ബഹ്‌റൈനിലേക്ക് മറ്റ് രാജ്യങ്ങളിൽനിന്ന് വരുന്ന യാത്രക്കാർക്കുള്ള പുതുക്കിയ മാർഗനിർദേശങ്ങൾ പെരുന്നാൾദിനം മുതൽ നിലവിൽ വരും. വാക്‌സിൻ സ്വീകരിച്ചവർക്കും കോവിഡ്മുക്തർക്കും കോവിഡ് ടെസ്റ്റ് നിബന്ധനയിൽ ഇളവ് ലഭിക്കും.

കോവിഡ് പ്രതിരോധത്തിനായി പ്രവർത്തിക്കുന്ന നാഷനൽ മെഡിക്കൽ ഫോഴ്‌സാണ് പെരുന്നാളിന്റെ ആദ്യ അവധിദിനം മുതൽ നിലവിൽവരുന്ന നടപടിക്രമങ്ങൾ പ്രഖ്യാപിച്ചത്. ഇതുപ്രകാരം ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ എന്നിവിടങ്ങളിൽനിന്ന് ബഹ്‌റൈനിലേക്ക് വരുന്ന ആറുവയസിന് മുകളിൽ പ്രായമുള്ളവർ യാത്ര പുറപ്പെടുന്നതിനുമുമ്പ് 48 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ് പരിശോധനയുടെ ക്യൂ.ആർ കോഡ് പതിച്ച സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഇവർ ബഹ്‌റൈനിൽ എത്തിയ ദിവസവും അഞ്ചാം ദിവസവും പത്താം ദിവസവുമുള്ള മൂന്ന് കോവിഡ് പരിശോധനകൾക്കും വിധേയരാകണം.

എന്നാൽ ബി അവെയർ മൊബൈൽ ആപ്‌ളിക്കേഷനിൽ വാക്‌സിനേഷന്റെയോ രോഗവിമുക്തിയുടെയോ പച്ച ഷീൽഡ് ലോഗോയുള്ള ബഹ്‌റൈൻ പൗരൻമാർക്കും താമസക്കാർക്കും രാജ്യത്തെത്തിയ ശേഷമുള്ള കോവിഡ് പരിശോധന ആവശ്യമില്ല. വാക്‌സിൻ സ്വീകരിച്ചവരോ കോവിഡ് മുക്തരോ ആയ ജിസിസി രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്കും ബഹ്‌റൈനിലെത്തുമ്പോൾ പിസിആർ പരിശോധനയ്ക്ക് വിധേയരാകേണ്ടതില്ല.

വാക്‌സിനേഷൻ സർട്ടിഫിക്കറ്റോ ജിസിസി രാജ്യങ്ങളിലെ ഔദ്യോഗിക കോവിഡ് ആപ്ലിക്കേഷനുകളോ തെളിവായി ഹാജരാക്കണം. ആറിനും 17നുമിടയിൽ പ്രായമുള്ളവർക്ക് ഈ നിബന്ധനകൾ ബാധകമല്ല. വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് സംബന്ധിച്ച് ബഹ്‌റൈനുമായി പരസ്പര ധാരണ അംഗീകരിച്ചിട്ടുള്ള ഇസ്രായേൽ, സൈപ്രസ് എന്നീ രാജ്യങ്ങളിൽനിന്ന് വരുന്ന യാത്രക്കാർക്കും ബഹ്‌റൈനിൽ എത്തുമ്പോൾ കോവിഡ് പരിശോധന ഒഴിവാക്കിയിട്ടുണ്ട്.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News