ഖത്തറില്‍ 798 പുതിയ കോവിഡ് കേസുകള്‍; ആറു മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചു
കോവിഡ് നിയമലംഘനങ്ങളുടെ പേരില്‍ 381 പേരെ കൂടി പൊലീസ് പിടികൂടി.
ഖത്തറില്‍ 798 പുതിയ കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. 524 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 274 പേര്‍ വിദേശത്ത് നിന്ന് തിരിച്ചെത്തിയവരാണ്. ആറു മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണം 413 ആയി.
നിലവില്‍ 21904 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്. 1297 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗമുക്തി നേടിയത്. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 1160 ആയി കുറഞ്ഞു. 441 പേരാണ് നിലവില്‍ അത്യാഹിത വിഭാഗങ്ങളിലുള്ളത്.
അതേസമയം, 26973 ഡോസ് വാക്സിനുകള്‍ കൂടി കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നല്‍കി. ഇതോടെ ആകെ വാക്സിന്‍ ലഭിച്ചവരുടെ എണ്ണം 13,72,396 ആയി ഉയര്‍ന്നു. വിവിധ കോവിഡ് പ്രോട്ടോകോള്‍ ലംഘനങ്ങളുടെ പേരില്‍ 381 പേരില്‍ നിന്നാണ് പൊലീസ് പിഴയീടാക്കിയത്. ഇതില്‍ 322 പേര്‍ പൊതു ഇടങ്ങളില്‍ മാസ്ക് ധരിക്കാത്തതിനും 56 പേര്‍ സാമൂഹിക അകലം പാലിക്കാത്തതിനുമാണ് പിടിയിലായത്.
കോവിഡ് ബാധയെത്തുടര്‍ന്ന് പ്ലാസ്മ ചികിത്സ നടത്തിയവര്‍ മൂന്ന് മാസം കഴിഞ്ഞേ വാക്സിന്‍ സ്വീകരിക്കാവൂ എന്ന് ഖത്തര്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. അല്ലാത്തപക്ഷം രോഗമുക്തി നേടുന്നവര്‍ക്ക് ക്വാറന്‍റൈന്‍ കാലയളവ് തീരുന്നതോടെ വാക്സിന്‍ എടുക്കാമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
രോഗമുക്തി നേടിയവര്‍ക്ക് ഒറ്റ ഡോസ് വാക്സിന്‍ നല്‍കിയാല്‍ മതിയാകുമെന്ന പഠനങ്ങളും പുറത്തുവരുന്നുണ്ട്. എന്നാല്‍, പുറത്ത് നിന്നും ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ അല്ലാത്ത വാക്സിനുകള്‍ ഒറ്റ ഡോസ് മാത്രമെടുത്ത് ഖത്തറിലേക്ക് വരുന്നവര്‍ക്ക് ഹോട്ടല്‍ ക്വാറന്‍റൈന്‍ വേണ്ടിവരുമെന്നും ഇളവ് ലഭിക്കണമെങ്കില്‍ രണ്ട് ഡോസും സ്വീകരിക്കണമെന്നും പകര്‍ച്ച വ്യാധി നിയന്ത്രണ വിഭാഗം ഡയറക്ടര്‍ ഡോ ഹമദ് അല്‍ റുമൈഹി അറിയിച്ചു.