ആഗാ ഖാന്‍ പുരസ്‌കാരം; മനാമ പോസ്റ്റ് ഓഫിസ് പുനരുദ്ധാരണ പദ്ധതി ചുരുക്കപ്പട്ടികയില്‍

16 രാജ്യങ്ങളില്‍നിന്നുള്ള 20 പ്രോജക്ടുകളാണ് മത്സരത്തിനുള്ളത്

Update: 2022-06-09 04:41 GMT

മനാമ പോസ്റ്റ് ഓഫിസ് പുനരുദ്ധാരണ പദ്ധതി ആഗാ ഖാന്‍ പുരസ്‌കാര ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചു. ആര്‍ക്കിടെക്ചര്‍ വിഭാഗത്തിലാണ് അവാര്‍ഡിന് പരിഗണിക്കുന്നത്. ആഗാഖാന്‍ ഡെവലപ്‌മെന്റ് നെറ്റ്‌വര്‍ക്ക് ആണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുക്കുന്നത്.

16 രാജ്യങ്ങളില്‍നിന്നുള്ള 20 പ്രോജക്ടുകളാണ് മത്സരത്തിനുള്ളത്. 1937ല്‍ നിര്‍മിച്ച കെട്ടിടം ബഹ്‌റൈനിലെ ഏറ്റവും പഴക്കമുള്ള മന്ദിരങ്ങളിലൊന്നാണ്. ആദ്യകാലത്ത് കസ്റ്റംസ് ഹൗസായാണ് കെട്ടിടം പ്രവര്‍ത്തിച്ചിരുന്നത്. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 4400 മെയില്‍ ബോക്‌സുകളും തപാല്‍ ഉരുപ്പടികള്‍ തരംതിരിക്കാനുള്ള സൗകര്യവും ഉള്‍ക്കൊള്ളുന്ന പുതിയ കോണ്‍ക്രീറ്റ് കെട്ടിടം നിര്‍മിച്ചു.

Advertising
Advertising

കെട്ടിടം മറച്ചുകൊണ്ടുനിന്നിരുന്ന പോര്‍ട്ടിക്കോ നീക്കം ചെയ്യുകയും ചെയ്തു. പ്രവര്‍ത്തനക്ഷമമായ പോസ്റ്റ്ഓഫിസ് എന്ന നിലയിലേക്ക് കെട്ടിടം മാറ്റിയെടുക്കാന്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളിലൂടെ സാധിച്ചു. പഴയ ബാല്‍ക്കണികള്‍ പുനഃസ്ഥാപിക്കുകയും പൊതുജനങ്ങള്‍ക്ക് പ്രവേശനം സാധ്യമാക്കുകയും ചെയ്തു.

രണ്ടാംതവണയാണ് ബഹ്‌റൈന്‍ പുരസ്‌കാരത്തിന് നിര്‍ദേശിക്കപ്പെടുന്നത്. ആര്‍ക്കിടെക്ചര്‍, പ്ലാനിങ്, ചരിത്ര സ്മാരക സംരക്ഷണം, ലാന്‍ഡ്‌സ്‌കേപ് ആര്‍ക്കിടെക്ചര്‍ എന്നീ മേഖലകളില്‍ മികവ് പുലര്‍ത്തുന്ന പദ്ധതികള്‍ക്ക് മൂന്നുവര്‍ഷം കൂടുമ്പോഴാണ് ആഗാ ഖാന്‍ അവാര്‍ഡ് സമ്മാനിക്കുന്നത്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News