സിംഗപ്പൂർ ഗ്രാൻഡ് പ്രിയിൽ ചരിത്രം സൃഷ്ടിച്ച് ബഹ്റൈൻ ടീം മക്‌ലാരൻ
2024ലെ അബുദബി ഗ്രാൻഡ് പ്രിയിലും ടീം മക്‌ലാരനാണ് ചാമ്പ്യൻഷിപ്പ് നേടിയത്
മനാമ: ഫോർമുല വൺ സിംഗപ്പൂർ ഗ്രാൻഡ് പ്രിയിൽ ചരിത്ര വിജയവുമായി ബഹ്റൈന്റെ ടീം മക്‌ലാരൻ. സീസൺ അവസാനിക്കാൻ ആറ് മത്സരങ്ങൾ അവശേഷിക്കെയാണ് ടീം മക്‌ലാരൻ ചാമ്പ്യൻഷിപ്പ് ജേതാക്കളായത്. ബഹ്റൈനിലെ മുംതലകാത്ത് ഹോൾഡിങ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള മക്‌ലാരന്റെ തുടർച്ചയായ രണ്ടാം ചാമ്പ്യൻഷിപ്പ് നേട്ടമാണിത്. 2024ലെ അബുദബി ഗ്രാൻഡ് പ്രിയിലും ടീം മൿലാരനാണ് ചാമ്പ്യൻഷിപ്പ് നേടിയത്. സിംഗപ്പൂരിലെ വിജയത്തോടെ ടീമിന്റെ ആകെ കിരീടനേട്ടം 10 ആയി.
കഴിഞ്ഞ ദിവസം മരീനബേയിൽ നടന്ന മത്സരത്തിൽ മൿലാരന്റെ ലാൻഡോ നോറിസ് മൂന്നാംസ്ഥാനം നേടി. സഹതാരം ഓസ്‌കാർ പിയാസ്ട്രി നാലാമതായി ഫിനിഷ് ചെയ്തു. ഇതോടെ 650 പോയിന്റോടെ ഏറ്റവും വേഗത്തിൽ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കുന്ന റെക്കോർഡിന് ഒപ്പമെത്താൻ ടീം മക്‌ലാരന് കഴിഞ്ഞു. 18 മത്സരങ്ങളിൽ 12ലും ടീമിന് വിജയിക്കാനായി. ഇതിൽ തന്നെ ഏഴ് തവണയും ഒന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
പ്രതാപകാലത്തെ അനുസ്മരിപ്പിക്കും വിധം മികവാർന്ന പ്രകടനമാണ് സിംഗപ്പൂരിൽ ടീം മൿലാരൻ നടത്തിയത്. സാമ്പത്തികമായി തകർച്ചയും വെല്ലുവിളികളും നേരിട്ട ബ്രിട്ടന്റെ മക്ലാരൻ ടീമിനെ 2017ലാണ് ബഹ്റൈൻ ഏറ്റെടുത്തത്. അതിന് ശേഷം ദീർഘവീക്ഷണത്തോടെ നിക്ഷേപം നടത്തിയ ബഹ്റൈന്റെ സമീപനമാണ് ഇന്ന് മക്‌ലാരനെ ഫോർമുല വൺ രംഗത്ത് മുൻനിരയിൽ എത്തിച്ചത്.