കടം വീട്ടാതെ വിടില്ല; ബാധ്യത തീർക്കാതെ രാജ്യം വിടുന്നവർക്കെതിരെ ബഹ്റൈനിൽ കർശന നിയമം വരുന്നു
നിർദേശത്തിന് പാർലമെന്റ് അംഗീകാരം
മനാമ: കടങ്ങൾ വീട്ടാതെ രാജ്യം വിടുന്നവർക്ക് കടിഞ്ഞാണിടാൻ ബഹ്റൈൻ. ഇത്തരക്കാർക്കെതിരെ നിയന്ത്രണങ്ങൾ കർശനമാക്കുന്നതിനായി അവതരിപ്പിച്ച നിർദേശം പാർലമെന്റ് അംഗീകരിച്ചു. നിയമം നടപ്പിലായാൽ ബഹ്റൈനിലെ വിദേശ നിക്ഷേപകർ, ഫ്ലക്സി വിസയിൽ ജോലി ചെയ്യുന്നവർ, സി.ആർ ഉടമകൾ തുടങ്ങിയവരെയാകും ഇത് നേരിട്ട് ബാധിക്കുക.
ബഹ്റൈനിൽ വരുത്തിവെച്ച കട ബാധ്യതകൾ തീർക്കാതെ പലരും രാജ്യം വിടുന്നത് വർധിച്ചുവരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിയന്ത്രണങ്ങൾ കർശനമാക്കാൻ നീക്കം നടക്കുന്നത്. വാടക കുടിശ്ശിക, ബാങ്ക് വായ്പാ തിരിച്ചടവുകൾ, സർക്കാർ ഫീസുകൾ, വിവിധ ഇനത്തിലുള്ള പിഴകൾ എന്നിവ വീട്ടാതെയാണ് പലരും രാജ്യം വിടുന്നതെന്ന് അധികൃതർ പറയുന്നു
സ്ട്രാറ്റജിക് തിങ്കിങ് ബ്ലോക്ക് വക്താവായ ഖാലിദ് ബു അനകിന്റെ നേതൃത്വത്തിൽ അഞ്ച് എം.പിമാരാണ് ഇതുസംബന്ധിച്ച അടിയന്തര പ്രമേയം പാർലമെന്റിൽ അവതരിപ്പിച്ചത്. കടം വീട്ടാതെ രാജ്യം വിടുന്ന ഈ പ്രവണത വിദേശ നിക്ഷേപകരിലുള്ള വിശ്വാസം ഇല്ലാതാക്കുകയും രാജ്യത്ത് കടുത്ത സാമ്പത്തിക നഷ്ടം വരുത്തുകയും ചെയ്യുന്നുണ്ട്. കൂടാതെ, നിക്ഷേപ അന്തരീക്ഷത്തെ പ്രതികൂലമായി ബാധിക്കുകയും ആയിരക്കണക്കിന് പ്രാദേശിക വ്യാപാരികളെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നുവെന്ന് എംപിമാർ ചൂണ്ടിക്കാട്ടി. നിയന്ത്രണങ്ങൾ കർശനമാക്കാനുള്ള നിർദേശം പാർലമെന്റ് അംഗീകരിച്ചതോടെ പ്രമേയം തുടർ പരിഗണനയ്ക്കായി മന്ത്രിസഭയ്ക്ക് കൈമാറിയിട്ടുണ്ട്.