ബഹ്‌റൈനിൽ വിലക്കയറ്റം നിയന്ത്രിക്കാൻ നടപടി സ്വീകരിക്കും

Update: 2023-01-12 04:20 GMT
Advertising

വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി ഉചിത നടപടി കൈക്കൊള്ളാൻ ബഹ്‌റൈൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. അടിസ്ഥാന ഭക്ഷണ സാധനങ്ങളുടെ വിലവർധന തടയാൻ പരിശോധന ശക്തമാക്കാനും നിർദേശം നൽകി.

ഓഫർ നൽകുന്ന സ്ഥാപനങ്ങൾക്ക് ഏർപ്പെടുത്തുന്ന പ്രത്യേക ഫീസ് മൂന്ന് മാസത്തേക്ക് മരവിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുന്ന വ്യാവസായിക ഭൂമികൾക്കുള്ള ഫീസ് മൂന്ന് മാസത്തേക്ക് മരവിപ്പിക്കും. കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങൾക്ക് സർക്കാർ നൽകുന്ന വിലക്കയറ്റ അലവൻസ് ഒരു മാസം അധികം നൽകാനും കാബിനറ്റ്? യോഗം തീരുമാനിച്ചു. ബഹ്‌റൈൻ-ജോർഡൻ സംയുക്ത ഉന്നതാധികാര സമിതി തീരുമാനങ്ങളെ സംബന്ധിച്ച് വിശദീകരിച്ചു.

ജോർഡൻ പ്രധാനമന്ത്രി ഡോ. ബഷർ ഹാനിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സംഘവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സംഘവുമാണ് സംയുക്ത ഉന്നതാധികാര സമിതിയിൽ പങ്കെടുത്തത്.

കൂടാതെ ഫെബ്രുവരി രണ്ടിന് കായിക ദിനാചരണം സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. മുഴുവൻ മന്ത്രാലയങ്ങളും സർക്കാർ അതോറിറ്റികളും പകുതി ജോലി സമയം കായിക പരിപാടികളിൽ ഏർപ്പെടാനും അതുവഴി കായിക അവബോധം ശക്തിപ്പെടുത്താനും മാറ്റിവയ്ക്കും.

ജനുവരി 14 ബഹ്‌റൈൻ നയതന്ത്ര ദിനമായി ആചരിക്കുന്ന പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങളുമായി ബഹ്‌റൈന്റെ നയതന്ത്ര ബന്ധം കൂടുതൽ മെച്ചപ്പെട്ടതായി കാബിനറ്റ് വിലയിരുത്തി.

അന്താരാഷ്ട്ര തലത്തിൽ സമാധാനവും ശാന്തിയും കരസ്ഥമാക്കാൻ നയതന്ത്ര പോംവഴികൾ വഴി സാധ്യമാകുമെന്ന സന്ദേശമാണ് ഇത്തരമൊരു ദിനാചരണം വഴി ഉദ്ദേശിക്കുന്നത്. മേഖലയിലും അന്താരാഷ്ട്ര തലത്തിലും സർക്കാർ പ്രവർത്തന മികവ് അവാർഡ് കരസ്ഥമാക്കിയ മന്ത്രാലയങ്ങളെ കാബിനറ്റ് ശ്ലാഘിച്ചു.

നീതിന്യായ, ഇസ്‌ലാമിക കാര്യ, ഔഖാഫ് മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം എന്നിവക്കാണ് അറബ് സർക്കാർ മികവ് അവാർഡ് ലഭിച്ചത്. സർക്കാർ പദ്ധതികളുടെ ഏകോപനങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തന പുരോഗതി യോഗം വിലയിരുത്തി.

മഴ കാരണം വൈദ്യുതി തടസ്സമുണ്ടായ ഇടങ്ങളിൽ ആവശ്യമായ ദ്രുത ഇടപെടൽ നടത്തിയ വൈദ്യുത, ജല മന്ത്രാലയത്തിന്റേയും വെളളക്കെട്ട് ഒഴിവാക്കാൻ നീക്കങ്ങൾ നടത്തിയ മുനിസിപ്പൽ, കാർഷിക മന്ത്രാലയത്തിന്റേയും പൊതുമരാമത്ത് മന്ത്രാലയത്തിന്റേയും പ്രവർത്തനങ്ങളിൽ യോഗം മതിപ്പ് രേഖപ്പെടുത്തി.

ഹെൽത്ത് ഇൻഷുറൻസ് നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ ആരോഗ്യ സ്ഥാപനങ്ങളെ നിർണയിക്കുന്നതിനുളള ബിൽ സഭയിൽ അവതരിപ്പിച്ചു. പൊതു ആവശ്യങ്ങൾക്കുമായി വിവിധ സ്ഥലങ്ങൾ ഏറ്റെടുക്കുന്നതിനുള്ള ബിൽ മുനിസിപ്പൽ, കാർഷിക മന്ത്രി അവതരിപ്പിച്ചു.

വിവിധ മന്ത്രിമാർ പങ്കെടുത്ത യോഗങ്ങളെ സംബന്ധിച്ച റിപ്പോർട്ടും സഭയിൽ വെച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിലായിരുന്നു കാബിനറ്റ് യോഗം.

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News