ദീപാവലി കളറാക്കി റോയൽ സർപ്രൈസ്; പ്രവാസി വ്യവസായിയുടെ വീട്ടിലെത്തി ബഹ്റൈൻ രാജകുടുംബാംഗം

ശൈഖ് മുഹമ്മദ് ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയാണ് പ്രവാസി വ്യവസായി പമ്പാവാസൻ നായരുടെ വസതിയിൽ എത്തിയത്

Update: 2025-10-22 11:43 GMT

മനാമ: ദീപാവലി ആഘോഷത്തിൽ പങ്കുചേരാൻ പ്രവാസി വ്യവസായ പ്രമുഖന്റെ വീട്ടിലെത്തി ബഹ്റൈൻ രാജകുടുംബാംഗം. ശൈഖ് മുഹമ്മദ് ബിൻ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയാണ് മലയാളി വ്യവസായിയായ പമ്പാവാസൻ നായരുടെ ബഹ്റൈനിലെ വസതിയിലെത്തിയത്. ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയെ പ്രതിനിധീകരിച്ചാണ് ഇദ്ദേഹമെത്തിയത്.

രാജകുടുംബാംഗത്തിന്റെ സാന്നിധ്യത്തിലൂടെ തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വിശേഷപ്പെട്ട ഓർമ്മകളിൽ ഒന്നായി ഈ ആഘോഷം മാറിയെന്ന് പമ്പാവാസൻ നായർ പറഞ്ഞു. ഇത് തങ്ങൾക്കും കുടുംബത്തിനും അത്യധികം സന്തോഷവും അഭിമാനവും നൽകുന്ന നിമിഷമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശൈഖ് മുഹമ്മദ് ബിൻ സൽമാനോടൊപ്പം ആഘോഷത്തിൽ നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു. കാബിനറ്റ് കാര്യ മന്ത്രി ഹമദ് ബിൻ ഫൈസൽ ആൽ മൽക്കി, കിരീടാവകാശിയുടെ കോർട്ടിലെ രാഷ്ട്രീയ സാമ്പത്തിക ഉപദേഷ്ടാവ് ശൈഖ് മുഹമ്മദ് ബിൻ ഈസ മുഹമ്മദ് ഈസ ആൽ ഖലീഫ, പ്രധാനമന്ത്രിയുടെ ഓഫീസ് ഡയറക്ടർ ജനറൽമാരായ ശൈഖ് ഫഹദ് ബിൻ അബ്ദുർറഹ്‌മാൻ ആൽ ഖലീഫ, ഹമദ് യാക്കൂബ് ആൽ മഹ്‌മീദ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.

Advertising
Advertising

 

ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് ഉൾപ്പെടെ ബ്രിട്ടൻ, ജർമ്മനി, ഫ്രാൻസ്, ജപ്പാൻ, ശ്രീലങ്ക, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിലെ അംബാസഡർമാരും ആഘോഷങ്ങളിൽ പങ്കെടുത്തു. മുനിസിപ്പൽ, കാർഷിക മന്ത്രി വാഇൽ ബിൻ നാസിർ അൽ മുബാറക്, ആഭ്യന്തര മന്ത്രാലയത്തിലെ കമ്മ്യൂണിറ്റി കാര്യ ഉപദേഷ്ടാവ് അലി ബിൻ ആൽ ശൈഖ് അബ്ദുൽഹുസൈൻ ആൽ അസ്ഫൂർ, ഡോ. മുസ്തഫ ആൽ സയ്യിദ്, എം.പി മുഹമ്മദ് ഹുസൈൻ ആൽ ജനാഹി എന്നിവരും വിശിഷ്ടാതിഥികളായെത്തി.

പ്രവാസികൾക്ക് ഏറ്റവും മികച്ചതും സുരക്ഷിതവുമായ ഇടമാണ് ബഹ്റൈനെന്നും സംരംഭകത്വത്തിനും സാംസ്‌കാരിക ആവിഷ്‌കാരങ്ങൾക്കും രാജ്യം നൽകുന്ന പിന്തുണ വിലമതിക്കാനാവാത്തതാണെന്നും പമ്പാവാസൻ നായർ പറഞ്ഞു. പരസ്പര ബഹുമാനവും സാംസ്‌കാരിക കൈമാറ്റങ്ങളും കൊണ്ട് സമ്പന്നമായ ബന്ധം ബഹ്റൈനും ഇന്ത്യയും പങ്കിടുന്നത് തുടരുകയാണ്. ദീപാവലി പോലുള്ള ഇത്തരം ആഘോഷങ്ങൾ വീടുകൾക്ക് മാത്രമല്ല, രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദബന്ധങ്ങൾക്കും കൂടുതൽ വെളിച്ചം നൽകുന്നതായും അദ്ദേഹം പറഞ്ഞു.

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News