ബഹ്‌റൈനിലെ ഇന്ത്യൻ സ്‌കൂൾ വിദ്യാർഥിനിയുടെ പുസ്തക പ്രകാശനം ഇന്ന്
കൗമാരക്കാരിയുടെ ചിന്തകൾ, കാഴ്ചപ്പാടുകൾ എന്നിവ സത്യസന്ധതയോടെയും നർമത്തോടെയും അവതരിപ്പിക്കുന്നതാണ് പുസ്തകം
ഷാർജ: ബഹ്റൈനിലെ ഇന്ത്യൻ സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനി സീമൽ റഹ്മാന്റെ ആദ്യ പുസ്തക പ്രകാശനം ഇന്ന്. ഷാർജ അന്താരാഷ്‌ട്ര പുസ്തക മേളയിലാണ് പ്രകാശനം. പിഒവി: പോയിന്റ് ഓഫ് വ്യൂ ഓഫ് എ ടീനേജർ എന്ന പുസ്തകം ഒരു കൗമാരക്കാരിയുടെ ചിന്തകൾ, കാഴ്ചപ്പാടുകൾ എന്നിവ സത്യസന്ധതയോടെയും നർമത്തോടെയും അവതരിപ്പിച്ചിരിക്കുന്നു. ഇന്ന് രാവിലെ 10.30 നും 11നും ഇടയിൽ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ഹാൾ 7ലെ റൈറ്റേഴ്‌സ് ഫോറത്തിലാണ് പുസ്തക പ്രകാശനം. കോഴിക്കോട് ആസ്ഥാനമായുള്ള ഐബുക്‌സാണ് പ്രസാധകർ. പുസ്തകത്തിന്റെ ബഹ്‌റൈൻ പ്രകാശനം നവംബർ 14 ന് കെ-സിറ്റി ഹാളിൽ നടക്കും. പ്രശസ്ത മോട്ടിവേഷണൽ സ്പീക്കർ പിഎംഎ ഗഫൂർ മുഖ്യാതിഥിയാവും. സീമൽ റഹ്മാൻ ശൈഖ എന്ന തൂലികാനാമത്തിൽ എഴുതുന്ന സീമൽ, 2016 ൽ എൽകെജി മുതൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർഥിനിയാണ്.
മനാമ സെൻട്രൽ മാർക്കറ്റിൽ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശി മുജീബുർ റഹ്മാൻ ഒടിവയലിൽ കുനിയുടെയും നേറ്റൽ ന്യൂറോ കോച്ചും ഇന്ത്യൻ സ്‌കൂൾ മുൻ ഗണിതശാസ്ത്ര അധ്യാപികയുമായ ജിജി മുജീബിന്റെയും മകളാണ് സീമൽ. കൗമാരക്കാരുടെ ചിന്തകൾക്കും വികാരങ്ങൾക്കും ശബ്ദം നൽകാനുള്ള ആഗ്രഹത്തിൽ നിന്നാണ് എഴുതാനുള്ള തന്റെ പ്രചോദനം ഉണ്ടായതെന്ന് സീമൽ പറഞ്ഞു. “ഈ പുസ്തകം എന്റെ കാഴ്ചപ്പാടിനെക്കുറിച്ചാണ്. എനിക്ക് തോന്നുന്നത് ഞാൻ എഴുതാൻ ആഗ്രഹിക്കുന്നു. നിങ്ങൾ എന്നെപ്പോലെയാണെങ്കിൽ നിങ്ങൾക്കും അങ്ങനെ തോന്നിയേക്കാം” സീമൽ പങ്കുവെച്ചു.
“നിങ്ങൾ എന്നെപ്പോലെ ഒരു കുട്ടിയോ കൗമാരക്കാരനോ ആണെങ്കിൽ അറിയുക: നമ്മൾ പൂർണരല്ല, മുതിർന്നവർ നമ്മുടെ പ്രായത്തിലായിരുന്നപ്പോൾ അവരും പൂർണരല്ലായിരുന്നു. നമ്മൾ തെറ്റുകൾ വരുത്തുന്നു, നമ്മൾ പഠിക്കുന്നു, അത് നമ്മളെ മനുഷ്യരാക്കുന്നു” സീമൽ പറഞ്ഞു. സീമൽ തന്നെയാണ് പുസ്തകത്തിൻ്റെ കവർ ഡിസൈൻ ചെയ്തിരിന്നത്. വളരുന്ന പ്രായത്തിലെ വെല്ലുവിളികളെയും സന്തോഷങ്ങളെയും, മാതാപിതാക്കളുമായുള്ള ബന്ധത്തെയും യുവ മനസ്സുകളെ രൂപപ്പെടുത്തുന്ന ദൈനംദിന അനുഭവങ്ങളെയും കുറിച്ച് സീമൽ പുസ്തകത്തിലൂടെ പറയുന്നു. ഇന്ത്യൻ സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ്, സെക്രട്ടറി വി രാജപാണ്ഡ്യൻ, അസി. സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ, പ്രിൻസിപ്പൽ വിആർ പളനിസ്വാമി, സീനിയർ സ്കൂൾ അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി സതീഷ് എന്നിവർ സീമലിന്റെ സാഹിത്യനേട്ടത്തെ അഭിനന്ദിച്ചു.